16 April, 2020 01:38:07 PM
സെമിത്തേരിയിലും കഞ്ചാവ് കൃഷി: കൊച്ചിയില്‍ മൂന്നംഗ സംഘം പിടിയിൽ
കൊച്ചി : സെമിത്തേരിയിൽ കഞ്ചാവ് ചെടികൾ നട്ട് വളർത്തി ഉണക്കി ചെറുപൊതികളാക്കി വില്‍പ്പന നടത്തിവന്നിരുന്ന മൂന്നംഗസംഘം കൊച്ചിയില്‍ അറസ്റ്റില്‍. ഇടകൊച്ചി ചെട്ടിക്കളത്തിൽ വീട്ടിൽ അനീഷ് (30), പനയപ്പള്ളി വലിയ വേലിക്കകം വീട്ടിൽ മജീദ് (37), കരിവേലിപ്പടിയിൽ വാടകക്ക് താമസിക്കുന്ന തമിഴ്‌നാട് ദിണ്ഡിഗൽ സ്വദേശി വെങ്കയ്യൻ (30) എന്നിവരെയാണ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഷൈജുവും സംഘവും പിടികൂടിയത്.
ചുള്ളിക്കൽ പ്രദേശത്തെ ആളൊഴിഞ്ഞ സെമിത്തേരിയിൽ രാത്രി എത്തിയാണ് ഇവർ കഞ്ചാവ് കൃഷി നട്ട് പരിപാലിച്ചിരുന്നത്. സെമിത്തേരിയിൽ ആരും ശ്രദ്ധിക്കാത്ത സ്ഥലത്ത് കഞ്ചാവ് തരിയിട്ടാണ് ചെടികൾ ഇവർ വളർത്തിയെടുത്തത്. പാകമായ ചെടികള്‍ ടെറസിന്‍റെ മുകളില്‍ ഇട്ട് ഉണക്കി ചെറുപൊതികളാക്കി വില്‍ക്കും. ലോക് ഡൗണ്‍ കാലത്ത് രഹസ്യമായി വില്‍പ്പന നടത്തിവന്ന സംഘത്തിന്‍റെ പക്കല്‍നിന്നും ഏട്ട് പാക്കറ്റുകളിലായി 71 ഗ്രാം കഞ്ചാവും പിടികൂടി. പ്രിവന്റീവ് ഓഫിസർമാരായ കെ. ഹാരിസ്, സാലിഹ്, സിവിൽ ഓഫീസർമാരായ എൻ.യു.അനസ്, എം.എം.മുനീർ, ശ്രീരാജ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.