13 April, 2020 07:20:37 PM
ലോക്ഡൗണ്‍: കോഴിക്കോട് എക്‌സൈസ് പിടികൂടിയത് 13,925 ലിറ്റര്‍ വാഷ്
83 കേസുകളിലായി 12 പേര്‍ അറസ്റ്റില്‍
കോഴിക്കോട്: ലോക്ഡൗണില്‍ മദ്യലഭ്യത ഇല്ലാതായ പശ്ചാത്തലത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ എക്‌സൈസ് വകുപ്പ് നടത്തിയ പരിശോധനയില്‍ ഇതിനകം പിടികൂടിയത് 13,925 ലിറ്റര്‍ വാഷും 45 ലിറ്റര്‍ ചാരായവും 7 കിലോ പുകയില ഉല്പന്നങ്ങളും. മാര്‍ച്ച് 24 മുതല്‍ ഏപ്രില്‍ 12 വരെയായി രജിസ്റ്റര്‍ ചെയ്ത 82 അബ്കാരി കേസുകളിലും ഒരു മയക്കുമരുന്ന് കേസിലുമായി 12 പേരെ അറസ്റ്റ് ചെയ്യുകയും ഒരു വാഹനം പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളെല്ലാം റിമാന്‍ഡിലാണ്.
ജില്ലയില്‍ എക്‌സൈസ് വകുപ്പിന്റെ 9 കണ്‍ട്രോള്‍ റൂമുകളും 9 സ്‌ക്വാഡുകളും പ്രവര്‍ത്തിക്കുന്നതായും വന- ആദിവാസി മേഖലകളില്‍ ഊന്നല്‍ നല്‍കി ശക്തമായ പരിശോധന തുടരുന്നതായും എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷന്‍ വി.ആര്‍ അനില്‍കുമാര്‍ അറിയിച്ചു. മുന്‍കാല കുറ്റവാളികളെ നിരീക്ഷിച്ച് വ്യാജ വാറ്റ് തടയുന്നതിന് കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും ആരോഗ്യ വകുപ്പ് നിഷ്‌ക്കര്‍ഷിക്കുന്ന ജാഗ്രതാ- മുന്‍കരുതല്‍ സംവിധാനങ്ങള്‍ ലഭ്യമാക്കിയതായും അദ്ദേഹം അറിയിച്ചു.
മദ്യലഭ്യത ഇല്ലാതായതോടെ ചിലര്‍ക്ക് ഉണ്ടാവാനിടയുള്ള പിന്‍വാങ്ങല്‍ ലക്ഷണം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിരീക്ഷിക്കുന്നതിന് ബീച്ച് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി അഡിക്ഷന്‍ സെന്ററില്‍ ഇതിനകം 143 പേര്‍ ചികിത്സ തേടിയതായി ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. അഞ്ച് പേരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതില്‍ മൂന്ന് പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇതുകൂടാതെ കലക്ടറേറ്റില്‍ വിമുക്തി ഹെല്‍പ് ഡെസ്‌ക്കും പുതിയറയില്‍ കൗണ്‍സലിങ് സെന്ററും പ്രവര്‍ത്തിക്കുന്നുണ്ട്. ജില്ലാ വിമുക്തി കണ്‍ട്രോള്‍ റൂം നമ്പര്‍- 9495002270, എക്‌സൈസ് ജില്ലാ കണ്‍ട്രോള്‍ റൂം നമ്പര്‍- 0495 2372927.