10 April, 2020 09:41:30 PM


വീട്ടിലെ ഭൂഗർഭ അറയില്‍ ചാരായം വാറ്റാനുള്ള വാഷും സാമഗ്രികളും; യുവാവ് പിടിയില്‍



കോഴിക്കോട്: കക്കോടിയില്‍ വീടിനോട്‌ ചേർന്ന ഭൂഗർഭ അറയിൽ സൂക്ഷിച്ചിരുന്ന 400 ലിറ്റർ വാഷ്‌ പിടികൂടി. കക്കോടി മടവൂർ ഓങ്കോറമല മുക്കാളി വീട്ടിൽ ഭരതരാജനെ (44) എക്‌‌സൈസ് അറസ്റ്റ് ചെയ്തു. നാളുകളായി നിരീക്ഷണത്തിലായിരുന്ന ഇയാളുടെ വീടിനോട്‌ ചേർന്നുള്ള ഷെഡ്ഡിലെ ഭൂഗർഭ അറയിൽ നിന്നും ചാരായം വാറ്റാൻ സൂക്ഷിച്ച വാഷിനോടൊപ്പം വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.


എക്‌‌‌‌സൈസ് എൻഫോഴ്‌സ്മെന്‍റ് ആൻഡ്‌ ആന്‍റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പ്രിവന്‍റീവ് ഓഫീസർ ഷംസുദ്ദീന്‍റെ നേതൃത്വത്തിലായിരുന്നു റെയ്‌‌ഡ്‌. റെയ്‌ഡിൽ പ്രിവന്റീവ് ഓഫീസർ യു പി മനോജ്, സിഇഒമാരായ ദീൻ ദയാൽ, ബിനീഷ് കുമാർ, അജിത്ത്, റനീഷ് എന്നിവർ പങ്കെടുത്തു. ലോക്ക് ഡൗൺ കാലത്ത് വൻതോതിൽ ചാരായം വാറ്റി വിവിധ ഭാഗങ്ങളിൽ എത്തിക്കാൻ പദ്ധതിയിട്ടിരുന്നതായി ഇയാൾ മൊഴിനൽകി. വ്യാജ മദ്യനിർമാണം തടയാൻ സ്പെഷൽ സ്‌ക്വാഡ് ഇതുവരെ നടത്തിയ പരിശോധനയിൽ 15 കേസെടുത്തു. ഒരാളെ അറസ്‌റ്റ്‌ ചെയ്‌തു. 3000ത്തോളം ലിറ്റർ വാഷ് കണ്ടെടുത്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K