10 April, 2020 09:24:13 PM


വീട്ടില്‍ ചാരായം വാറ്റ്: കോതമംഗലം കുട്ടമ്പുഴയില്‍ വയോധികന്‍ അറസ്റ്റില്‍



കോതമംഗലം: ലോക്ക് ഡൗണിനെ തുടർന്ന് മദ്യശാലകൾ അടഞ്ഞ സാഹചര്യം മുതലെടുത്ത് വീട്ടില്‍ ചാരായം വാറ്റിയ വയോധികന്‍ അറസ്റ്റില്‍. കുട്ടമ്പുഴ മാമലക്കണ്ടം ചാമപ്പാറയിൽ എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡില്‍ മാവിൻ ചുവട് ഭാഗത്തെ വീട്ടിൽ ചാരായം വാറ്റി വില്പന നടത്തിവന്ന കോട്ടയ്ക്കകത്ത് വീട്ടിൽ ജോസഫ് കുര്യൻ (65) ആണ് പിടിയിലായത്.  300 ലിറ്റർ വാഷും വാറ്റുപകരണങ്ങളും സഹിതമാണ് അറസ്റ്റ് ചെയ്തത്.  ചാരായ വാറ്റിനായി വന്‍തോതിൽ ശർക്കര വാങ്ങി ശേഖരിച്ചതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു.


ലോക്ക് ഡൗണിനെ തുടർന്ന് കോതമംഗലത്തെ മലയോര മേഖല കേന്ദ്രീകരിച്ച് ചാരായം വാറ്റ് വർദ്ധിക്കുന്നതിനുള്ള സാദ്ധ്യതയുണ്ടെന്ന് എക്സൈസ് ഇൻറലിജൻസിന് വിവരം ലഭിച്ചിരുന്നു. ഇതിനിടെ എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എ.എസ്.രഞ്ജിത്തിന് ലഭിച്ച രഹസ്യവിവരത്തിന്‍റെയടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എം.കാസിമും സംഘവും നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. വിഷു, ഈസ്റ്റർ വിശേഷ ദിവസങ്ങൾ പ്രമാണിച്ച് മലയോര മേഖലകളിൽ പ്രത്യേകിച്ച് ആദിവാസികളുടെ ഇടയിൽ വില്പന നടത്തുന്നതിനുള്ള ചാരായം വാറ്റുന്നതിനായാണ് വൻതോതിൽ ഇയാള്‍ വാഷ് തയ്യാറാക്കിയത്.


മലയോര മേഖലകളിലെ പലചരക്കുകടകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ എക്സൈസ് നടത്തിവരുന്നുണ്ട്. കൂടാതെ മുൻകുറ്റവാളികളുടെ നീക്കങ്ങളും നിരീക്ഷിച്ചു വരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ കുട്ടമ്പുഴ പിണവൂർകുടി, കീരമ്പാറ പഞ്ചായത്തിലെ ഊഞ്ഞാപ്പാറ, പാലമറ്റം കാളക്കടവ് എന്നിവിടങ്ങളിൽ നിന്നും വാഷ് കണ്ടെടുത്തിരുന്നു. റെയ്‌ഡിൽ കുട്ടമ്പുഴ എക്സൈസ് ഇൻസ്പെക്ടർ കെ.എ. ഫൈസൽ, പ്രിവന്‍റീവ് ഓഫീസർമാരായ സാജൻ പോൾ, പി.കെ.സുരേന്ദ്രൻ, എൻ.എ.മനോജ്, സിവിൽ എക്സൈസ് ഓഫീസർ വി.എൽ.ജിമ്മി എന്നിവരും പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K