09 April, 2020 01:16:52 AM
കോവിഡ് 19 ജാഗ്രതാ പോര്‍ട്ടല്‍ വഴി പൊതുജനങ്ങള്‍ക്കു ലഭ്യമാകുന്ന സേവനങ്ങള്‍
കോഴിക്കോട്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്‌ക്കരിച്ച കോവിഡ് 19 ജാഗ്രതാ വെബ് പോര്‍ട്ടല്‍ പൊതുജനങ്ങള്‍ക്കും വിവിധ സേവനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. താഴെ പറയുന്ന സേവനങ്ങളാണ് വെബ് ആപ്ലിക്കേഷന്‍ വഴി പൊതുജനങ്ങള്‍ക്ക് ലഭ്യമാകുക.
1. പരാതികളും അഭ്യര്‍ത്ഥനകളും (Complaints/Request):
ജില്ലയില്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ പരാതികളോ ഉണ്ടെങ്കില്‍ ആയവ ജില്ലാഭരണകൂടത്തെ ഈ പോര്‍ട്ടലിലൂടെ അറിയിക്കാം. മറ്റു സംസ്ഥാനങ്ങളില്‍ പെട്ട് പോയ കോഴിക്കോട്ടുകാരുണ്ടെങ്കില്‍ അവരെ സഹായിക്കാന്‍ കോഴിക്കോടന്‍ ഹെല്‍പ്‌ഡെസ്‌ക് ജില്ലയില്‍ സദാസമയവും പ്രവര്‍ത്തിക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്ക് എന്ത് പ്രശ്‌നവുമായും ജില്ലാ ഭരണകൂടത്തെ ഈ പോര്‍ട്ടലിലൂടെ സമീപിക്കാം.
2. സത്യവാങ്മൂലം (Self Declaration)
അടിയന്തിര സേവനങ്ങള്‍ക്കും ആവശ്യവസ്തുക്കള്‍ക്കുമായി പുറത്തിറങ്ങുന്ന വ്യക്തികള്‍ ആയതു തെളിയിക്കാന്‍ ഒരു സത്യവാങ്മൂലം കൈയില്‍ കരുത്തേണ്ടതുണ്ട്. വാഹനത്തിന്റെ വിശദാംശങ്ങളും യാത്രയുടെ ഉദ്ദേശ്യവും ഓണ്‍ലൈനായി പൂരിപ്പിച്ചു നല്‍കിയ ശേഷം കൊടുത്തിരിക്കുന്ന നമ്പറിലേക്കു ലഭിക്കുന്ന എസ്.എം.എസ്സില്‍ സത്യവാങ്മൂലം ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
3. വളന്റിയര്‍ റെജിസ്‌ട്രേഷന്‍ (Volunteer Registration) :
സംസ്ഥാനസര്‍ക്കാരിന്റെ സന്നദ്ധസേവന പ്രവര്‍ത്തനങ്ങളില്‍ അണിചേരാന്‍ താല്പര്യമുള്ള വ്യക്തികള്‍ക്ക് ഈ പോര്‍ട്ടലിലൂടെ സന്നദ്ധസേനയിലേക്കു ചേരാനുള്ള ഫോം പൂരിപ്പിച്ചു നല്‍കാം. സംസ്ഥാന സര്‍ക്കാരിന്റെ സന്നദ്ധം പോര്‍ട്ടലില്‍ മുന്‍പ് പേര് നല്‍കിയിട്ടുള്ളവര്‍ വീണ്ടും നല്‍കേണ്ടതില്ല.
4. അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും ലഭ്യത (Essential Goods and Services):
- വാഹനങ്ങള്‍ക്കുള്ള പെര്‍മിറ്റ് (Vehicle permit): അവശ്യവസ്തുക്കള്‍ക്കും ചരക്കുഗതാഗതത്തിനും വേണ്ടി ജില്ലയ്ക്കകത്തും പുറത്തും സംസ്ഥാനത്തിന് പുറത്തും സഞ്ചരിക്കുന്ന വ്യക്തികള്‍ക്കും വ്യാപാരസ്ഥാപനങ്ങളുടെ ഉടമകള്‍ക്കും വാഹനത്തിനുള്ള പാസ് പോര്‍ട്ടലിലൂടെ ലഭ്യമാകും. ആശുപത്രിയില്‍ അത്യാവശ്യകാര്യങ്ങള്‍ക്കു വേണ്ടി പോകേണ്ടി വരുന്നവര്‍ക്കും (മെഡിക്കല്‍ എമര്‍ജന്‍സി) ഈ പാസ് ഉപയോഗിക്കാം.
- വ്യാപാര സ്ഥാപനങ്ങളില്‍ ജോലിക്കു വരുന്നവര്‍ക്കുള്ള പാസ്: അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും ലഭ്യത ഉറപ്പു വരുത്താന്‍ വേണ്ടി തുറന്നു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് യാത്രയ്ക്ക് ഉപയോഗിക്കാനുള്ള പാസ് പോര്‍ട്ടലിലൂടെ ലഭ്യമാകും.
5. വെല്‍ഫെയര്‍ ഡാഷ്‌ബോര്‍ഡ്
ജില്ലയില്‍ പൊതുജനങ്ങള്‍ക്കായി ലഭ്യമാക്കിയ സേവനങ്ങളുടെ വിശദശാംശങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാണ്. ജില്ലയില്‍ ആകെ ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തികളുടെ എണ്ണം, പൊതുവിതരണ ശൃംഖലയിലൂടെ വീടുകളില്‍ വസ്തുക്കള്‍ ലഭിച്ചവരുടെ എണ്ണം, ഭക്ഷണവും സഹായവും ആവശ്യമുള്ള മുതിര്‍ന്നവരുടെയും സഹായം ലഭ്യമാക്കിയിട്ടുള്ളവരുടെയും എണ്ണം, സഹായം ലഭ്യമാക്കിയ അബലരുടെ എണ്ണം, സഹായം ലഭ്യമാക്കിയ കിടപ്പു രോഗികളുടെ എണ്ണം, ഭക്ഷണം ലഭ്യമാക്കിയ അതിഥി തൊഴിലാളികളുടെ എണ്ണം, കുടുംബശ്രീ വഴിയുള്ള കൗണ്‍സലിങ് ലഭിച്ചവരുടെ എണ്ണം മുതലായ വിശദശാംശങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.
വെബ്‌പോര്‍ട്ടലിന്റെ ലിങ്ക്: http://covid19jagratha.kerala.nic.in