03 April, 2020 05:08:04 PM
അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കാത്ത കരാറുകാര്‍ക്കെതിരെ കേസെടുക്കും
കാസര്‍കോട്: ജില്ലയില്‍ ലോക്ഡൗണിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും സേവനവും കരാറുകാര്‍ ഉറപ്പു വരുത്തണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അനുസരിക്കാത്ത കരാറുകാര്‍ക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന കോവിഡ് 19 അവലോകന യോഗത്തില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ അല്‍കേഷ് കുമാര്‍ ശര്‍മ്മ നിര്‍ദ്ദേശം നല്‍കി. ഇത്തരം പരാതികളില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ കേസ്സെടുക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണം. തുടര്‍ന്ന് ഇത് സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നിര്‍ദ്ദേശം ലംഘിക്കുന്ന കരാറുകാര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ഐ ജി വിജയ സാഖറെ അറിയിച്ചു.
കരാറുകാര്‍ക്ക് കീഴിലല്ലാത്ത അതിഥി തൊഴിലാളികള്‍ക്ക് കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം നല്‍കുന്നുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്യാനുള്ള നടപടി വേഗത്തിലാക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ നിര്‍ദേശം നല്‍കി. സപ്ലൈക്കോയില്‍ സ്‌റ്റോക്കില്ലാത്ത ആട്ട, റവ, കടല തുടങ്ങിയവ ലോക്കല്‍ പര്‍ച്ചേസിങ് നടത്തി അതിഥി തൊഴിലാളികള്‍ക്കുള്ള കിറ്റില്‍ ലഭ്യമാക്കും. ഇതിന് കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. അതിഥി തൊഴിലാളികള്‍ക്ക് മില്‍മ വഴി പാല്‍ ലഭ്യമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.
അന്യസംസ്ഥാന തൊഴിലാളികളെ മുന്‍നിര്‍ത്തി മുതലെടുപ്പിന് ശ്രമിച്ച ചെങ്കള പഞ്ചായത്തിലെ വ്യക്തിക്കെതിരെ കേസെടുക്കാന്‍ ജില്ലാ പോലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചു.പൊതുവിതരണ സംവിധാനത്തിലൂടെയുള്ള സൗജന്യ റേഷന്‍ വിതരണത്തില്‍ പരാതികളില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ യോഗത്തെ അറിയിച്ചു. കമ്മ്യൂണിറ്റി കിച്ചന്‍ വഴി അതിഥി തൊഴിലാളികള്‍ക്കുള്ള ഭക്ഷണ വിതരണത്തിലും പരാതികളില്ലെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ യോഗത്തില്‍ അറിയിച്ചു.
കോവിഡ് 19 സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടികയിലുള്ളവരുടെ സ്ഥലവിവരങ്ങള്‍ പി എച്ച് സി മെഡിക്കല്‍ ഓഫീസര്‍ക്ക് കൈമാറുമ്പോള്‍ പഞ്ചായത്ത് സെക്രട്ടറി മാര്‍ക്കുകൂടി ഇത് ലഭ്യമാക്കണം. വാര്‍ഡ്തല ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ഇത് സഹായിക്കും. കേമ്പിള്‍ ടി വി ടെക്‌നീഷ്യന്‍മാര്‍ക്ക് തിരിച്ചറിയല്‍ രേഖ ഹാജരാക്കിയാല്‍ ജോലി സംബന്ധമായ സഞ്ചാരത്തിന് അനുമതി നല്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു യോഗത്തില്‍ അറിയിച്ചു.
കര്‍ണ്ണാടകത്തില്‍ നിന്ന് തലപ്പാടി വഴി അവശ്യസാധനങ്ങളുമായി ജില്ലയിലെത്തുന്ന ലോറി ഡ്രൈവര്‍മാര്‍ക്ക് കുടുംബശ്രീ വഴി പാക്കറ്റ് ഭക്ഷണം തുഛമായ തുകയ്ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കും.
കേടായ ലോറികള്‍ക്ക് ഒരു മൊബൈല്‍ മെക്കാനിക്ക് സംവിധാനം വഴി സഹായം നല്‍കും. കാസര്‍കോട് മെഡിക്കല്‍ കോളേജ് പ്രവര്‍ത്തനമാരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ ത്വരിതപ്പെടുത്തിയതായി യോഗം വിലയിരുത്തി. കോവിഡ് 19 സ്ഥിരീകരിച്ച രോഗികളെ ചികിത്സിക്കാന്‍ ആവശ്യമായ കെയര്‍ സെന്ററുകള്‍ ജില്ലയില്‍ ഒരുക്കിയിട്ടുണ്ട്. ഇനി ഒരു അിറയിപ്പുണ്ടാകുന്നത് വരെ വോളണ്ടിയര്‍മാര്‍ക്ക് നല്‍കുന്ന പാസ് നിര്‍ത്തി വെയ്ക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. തെറ്റായി നല്‍കിയ പാസ്സുകള്‍ പിടിച്ചെടുക്കാന്‍ പോലീസിനോട് നിര്‍ദ്ദേശിച്ചു.
വീടുകളില്‍ അവശ്യസാധനങ്ങള്‍ ഹോം ഡെലിവറി മുഖേന എത്തിക്കുന്നതിനാവശ്യമായ വാഹനസൗകര്യം ഒരുക്കുന്നതിന് യോഗം ആര്‍.ടി ഒയെ ചുമതലപ്പെടുത്തി. കൊവിഡ് -19 വ്യാപനത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ ആവശ്യമായ ജലം ലഭ്യമാക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്കി. ജില്ലയിലെ ജലാശയങ്ങളുടെ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തില്‍ കാര്‍ഷികാവശ്യങ്ങള്‍ക്ക് അമിതമായി ജലമുപയോഗിക്കുന്നത് നിയന്ത്രിക്കണമെന്ന് യോഗം നിര്‍ദ്ദേശിച്ചു.ബാവിക്കരയിലെ തടയണ നിര്‍മ്മാണം നിയന്ത്രണങ്ങളോടെ തുടരാന്‍ അനുമതി നല്‍കി.
യോഗത്തില്‍ സ്‌പെഷ്യല്‍ ഓഫീസര്‍ അല്‍കേഷ് കുമാര്‍ ശര്‍മ്മ അധ്യക്ഷത വഹിച്ചു. ഐ ജി വിജയ് സാഖറെ, ഉത്തര മേഖല ഐജി അശോക് യദവ്, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു, സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, എ ഡി എം എന്‍ ദേവി ദാസ്,ഡി എം ഒ ഡോ എ വി രാംദാസ് ,ഡെപ്യൂട്ടി ഡി എം ഒ ഡോ എ ടി മനോജ്,പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ റെജി കുമാര്‍, ആര്‍ ടി ഒ അഹമ്മദ് കബീര്‍ ,ജില്ലാതല ഉദ്യോഗസ്ഥര്‍എന്നിവര്‍ സംബന്ധിച്ചു