01 April, 2020 10:56:21 PM
കോവിഡ് തോറ്റു; മരണമുഖത്തു നിന്നും ബ്രയാൻ നീൽ ജീവിതത്തിലേക്ക് തിരിച്ചെത്തി
കൊച്ചി: രോഗമുക്തനായി ബ്രിട്ടീഷ് പൗരൻ ബ്രയാൻ നീൽ ആശുപത്രി വിടുമ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജിലെ വൈദ്യസംഘത്തിന് സന്തോഷം ഇരട്ടിയാണ്. മഹാമാരിയായ കോവിഡിൻ്റെ പിടിയിൽ നിന്ന് കഠിനശ്രമത്തിലൂടെയാണ് ഇവർ ബ്രയാൻ്റെ ജീവൻ തിരിച്ചുപിടിച്ചത്. മരണത്തെ പരാജയപ്പെടുത്തി വീണ്ടെടുത്ത ജീവിതം ബ്രയാനു നൽകുമ്പോൾ അതൊരു യുദ്ധം ജയിച്ച സന്തോഷമാണ് എറണാകുളത്തെ ആരോഗ്യ പ്രവർത്തകർക്ക്.
കഴിഞ്ഞ മാർച്ച് 15നാണ് കോവിഡ്- 19 പരിശോധനാ ഫലം പോസിറ്റീവായതിനെ തുടർന്ന് 57 കാരനായ ബ്രയാനെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിൻ്റെ ഭാര്യ ജെയ്ൻ ലോക്ക് വുഡും ഒപ്പമുണ്ടായിരുന്നു. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുമാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരമായ ന്യുമോണിയ ബാധിച്ച നിലയിലായിരുന്നു ബ്രയാൻ അപ്പോൾ. ഇത് രൂക്ഷമായതിനെ തുടർന്ന് രക്തത്തിലെ ഓക്സിജൻ്റെ അളവ് കുറഞ്ഞു കൊണ്ടിരുന്നു. ശ്വാസോച്ഛാസം അപകടനിലയിലേക്ക് എത്തുകയും ചെയ്തു.
തുടർന്ന് സംസ്ഥാന മെഡിക്കൽ ബോർഡിൻ്റെ അനുമതിയോടെ ബ്രയാന് ആൻറി വൈറൽ മരുന്നുകളായ റിറ്റോനാവിർ, ലോപിനാവിർ കോമ്പിനേഷൻ നൽകി. 14 ദിവസം ഇത് തുടർന്നു. വൈറൽ ഫിൽറ്റർ ഘടിപ്പിച്ച ഇൻ്റർഫേസ് വെൻറിലേഷനാണ് ബ്രയാന് നൽകിയത്. മരുന്നുകൾ നൽകി മൂന്നു ദിവസം കഴിഞ്ഞപ്പോൾ ആരോഗ്യനിലയിൽ പുരോഗതി വന്നു. പക്ഷേ പനി വിട്ടുമാറിയില്ല. എക്സ് റേകളിൽ അദ്ദേഹത്തിൻ്റെ ഇടത് ലംഗ്സ് പൂർണ്ണമായും വലത് ലംഗ്സ് ഭാഗികമായും ന്യൂമോണിയ പടർന്നതായി കണ്ടെത്തി. ചികിത്സ തുടർന്നു.
ഏഴ് ദിവസമായപ്പോൾ ന്യൂമോണിയ കുറഞ്ഞു വന്നു. ഇതോടെ പനിയും കുറഞ്ഞു. കോ വിഡ്- 19 പരിശോധനാഫലവും നെഗറ്റീവായി . ഈ കാലയളവിൽ സി.ടി.സ്കാൻ ഉൾപ്പടെയുള്ള സേവനങ്ങളും ലാബ് പരിശോധനകളും നടത്തി. കഴിഞ്ഞ അഞ്ചു ദിവസമായി സ്വയം ശ്വാസം എടുക്കുകയും രക്തത്തിൽ ഓക്സിജൻ്റെ അളവ് 97 ശതമാനമാവുകയും ചെയ്തു. ഇതോടെ ഇന്നലെ ബ്രയാൻ നീൽ ആശുപത്രി വിട്ടു. സാമ്പിൾ ശേഖരിക്കുന്നതിനും പരിശോധനക്കും നേതൃത്വം നൽകിയത് ഡോ.ലാൻസി, ഡോ.നീത, ഡോ.നിഖിലേഷ് മേനോൻ , ഡോ.മനോജ് ആൻ്റണി എന്നിവരാണ്.
സമ്പർക്കപ്പട്ടിക തയാറാക്കുന്നതിന് ഡോ.മഞ്ജുള, ഡോ.ബിന്ദു വാസുദേവ്, ഡോ. ആൽവിൻ എന്നിവർ നേതൃത്വം നൽകി. ബ്രയാൻ്റെ കൂടെ അഡ്മിറ്റായ ഭാര്യയെ കോവിഡ് ഫലം നെഗറ്റീവ് ആയതിനാൽ നേരത്തെ ഡിസ്ചാർജ് ചെയ്തിരുന്നു. ബ്രയാൻ്റെ ചികിത്സയിൽ സഹകരിച്ച മന്ത്രി കെ.കെ.ശൈലജ ക്കും മന്ത്രി വി.എസ്.സുനിൽ കുമാറിനും ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും ജില്ലാ കളക്ടർ എസ്.സുഹാസിനും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.തോമസ് മാത്യു, മെഡിക്കൽ സൂപ്രണ്ട് ഡോ.പീറ്റർ പി വാഴയിൽ എന്നിവർ നന്ദി അറിയിച്ചു.
ഡോ. ഫത്താഹുദ്ദീൻ, ഡോ.ജേക്കബ്.കെ.ജേക്കബ്, ഡോ.ഗണേശ് മോഹൻ, ഡോ.ഗീത നായർ, ഡോ. വിധു കുമാർ, ഡോ.വിഭ സന്തോഷ്, ഡോ.റെനി മോൾ എന്നിവരടങ്ങുന്ന മെഡിക്കൽ സംഘമാണ് ബ്രയാനെ ചികിത്സിച്ചത്. നഴ്സിംഗ് സൂപ്രണ്ട് സാൻറി അഗസ്റ്റിൻ , ഹെൽത് ഇൻസ്പെക്ടർ രതീഷ് ടി.ടി , സ്റ്റാഫ് നഴ്സുമാരായ നിർമല, വിദ്യ എന്നിവരും സംഘത്തിലുണ്ടായിരുന്നു.