31 March, 2020 05:28:25 PM
ലോക്ക്ഡൗണില്‍ കോഴിക്കോട് ഡി.സി.പിക്ക് വയര്‍ലെസ് വഴി യാത്രയയപ്പ്
കോഴിക്കോട്: കോഴിക്കോട് ഡി.സി.പി എ.കെ ജമാലുദ്ദീന്‍ ഐ.പി.എസിന്റെ അവസാന സര്‍വീസ് ദിനമായിരുന്നു ഇന്ന്. മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ യാത്രയപ്പ് പ്രത്യേക ചടങ്ങ് സംഘടിപ്പിച്ച് വലിയ രീതിയിലാണ് സാധാരണ നടത്തുന്നത്. എന്നാല്‍, ആ യാത്രയയപ്പ് സന്ദേശം ഇന്ന് എല്ലാവരും കേട്ടത് രാവിലെ വയര്‍ലസ് സന്ദേശത്തിലൂടെ. കോഴിക്കോട് സിററി പോലീസ് സ്‌റ്റേഷന് കീഴിലെ പോലീസുകാര്‍ തങ്ങളുടെ ഇന്നത്തെ ലോക്ഡൗണ്‍ ദിവസം ആരംഭിച്ചത് ഈ സന്ദേശം കേട്ടുകൊണ്ടായിരുന്നു.
കൊറോണ മൂലമുണ്ടായ ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ ഇതല്ലാതെ മറ്റുമാര്‍ഗ്ഗം ഉണ്ടായിരുന്നില്ല. വയര്‍ലസിലൂടെ നിര്‍ദേശം കൊടുക്കുന്ന പതിവ് രീതിയായ സാട്ട പ്രോഗ്രാം ഇന്ന് ഒരു യാത്രയപ്പിന് വേണ്ടി മാറ്റിവെക്കുകയായിരുന്നു അവര്‍. രാവിലെ എട്ടു മണിക്ക് സാട്ട തുടങ്ങുന്ന സമയത്താണ് കമ്മീഷണര്‍ എ.വി ജോര്‍ജ്ജ് വയര്‍ലസിലൂടെ യാത്രായയപ്പ് നല്‍കിയത്.
ഡി.സി.പിയുടെ ഒരു വര്‍ഷവും ഒരുമാസവുമുള്ള കോഴിക്കോട് സിറ്റിയിലെ പ്രവര്‍ത്തനത്തെ പറ്റി കമ്മീഷണര്‍ വയര്‍ലസിലൂടെ സംസാരിച്ചു. തുടര്‍ന്ന് സ്‌റ്റേഷന്‍ എസ്.എച്ച്.ഒമാരും ഇക്കാര്യം ആവര്‍ത്തിക്കുകയും മറ്റുള്ള പോലീസുകാരിലേക്ക് എത്തിക്കുകയും ചെയ്തു. എറണാകുളം വാഴക്കാല സ്വദേശിയാണ് വിരമിക്കുന്ന ജമാലുദ്ദീന്‍.