30 March, 2020 06:12:42 PM


കോവിഡ് മാലിന്യങ്ങളുടെ സംസ്‌കരണത്തിന് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍



കോഴിക്കോട്: കോവിഡ് -19 ന്റെ അതിജീവനകാലത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സൃഷ്ടിക്കപ്പെടു മാലിന്യങ്ങള്‍, കോവിഡ് ആശുപത്രികള്‍, ഐസൊലേഷന്‍ യൂണിറ്റുകള്‍, വീടുകളിലെ ക്വാറന്റൈന്‍, താത്കാലിക കോവിഡ് സാമൂഹ്യ കേന്ദ്രങ്ങള്‍ മുതലായവയില്‍ നിന്നും വരുന്ന ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ എന്നിവയെല്ലാം  കോവിഡ് മാലിന്യങ്ങളായിത്തന്നെ പരിഗണിക്കണം. ഇവയെല്ലാം  കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കൈകാര്യം ചെയ്യുകയും സംസ്‌കരിക്കുകുയം ചെയ്യണം. ഇത്തരത്തില്‍ ശാസ്ത്രീയമായി സംസ്‌കരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.


കോവിഡ് കാലത്തെ ജലസംരക്ഷണ-കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും ഹരിതകേരളം മിഷന്‍   തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ലോക്ഡൗൺ കാലത്ത് വീടുകളില്‍ പാലിക്കേണ്ട ശുചിത്വ ശീലങ്ങളെക്കുറിച്ചും  വീടുകളില്‍ ഇക്കാലത്ത് നടത്താന്‍ കഴിയുന്ന പച്ചക്കറി കൃഷിരീതികളെ സംബന്ധിച്ചുമുള്ള ബോധവത്കരണവും ഹരിതകേരളം മിഷന്‍ ആരംഭിച്ചിട്ടുണ്ട്.  വിശദ വിവരങ്ങള്‍ക്കും സംശയനിവാരണത്തിനും ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ജില്ലാ കോര്‍ഡിനേറ്ററെ ബന്ധപ്പെടാം.

 

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സുരക്ഷിത മാലിന്യ സംസ്‌കരണം ഉറപ്പാക്കാന്‍ നടത്തേണ്ട ഇടപെടലുകളും ശുചിത്വ ശീലങ്ങളും സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി ഹരിതകേരളം മിഷന്‍. കമ്യൂണിറ്റി കിച്ചന്‍ പോലുള്ള പൊതു സംരംഭങ്ങളിലും അല്ലാതെയുള്ള കൂട്ടായ പ്രവര്‍ത്തനങ്ങളിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പാലിക്കേണ്ടവയാണ് ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. കമ്യൂണിറ്റി കിച്ചനുകള്‍, അഗതികളെയും ഭിക്ഷാടകരെയും പുനരധിവസിപ്പിച്ചിട്ടുള്ള കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മാലിന്യസംസ്‌കരണത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. മാസ്‌കുകളും കൈയ്യുറകളും  ഉപയോഗിക്കുന്നവര്‍    ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം അണുവിമുക്തമാക്കി ഇവ നശിപ്പിക്കണം.  


പ്ലാസ്റ്റിക് പോലെ അഴുകാത്ത പാഴ്‌വസ്തുക്കള്‍ ഒരു കാരണവശാലും കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യരുത്. അവ കഴുകി വൃത്തിയാക്കി സൂക്ഷിച്ചു വയ്ക്കണം. കോവിഡ് ഭീതി ഒഴിയുമ്പോള്‍ ഹരിതകര്‍മ്മസേനാംഗങ്ങള്‍  ഇവ ശേഖരിക്കും. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തന്നെ സംസ്‌കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണം. മഴയെത്തുമ്പോള്‍ ഡെങ്കിയും ചിക്കുന്‍ഗുനിയയും പോലുള്ള രോഗങ്ങള്‍ പടര്‍ന്നു പിടിക്കാതിരിക്കാന്‍ ഇത് ഏറ്റവും പ്രധാനമാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K