30 March, 2020 03:22:32 PM
'ചോറ് വേണ്ട ചപ്പാത്തി മതി'; പെരുമ്പാവൂരിലും അതിഥി തൊഴിലാളികളുടെ പ്രതിഷേധം
പെരുമ്പാവൂര്‍: ചങ്ങനാശ്ശേരി പായിപ്പാട് സംഭവിച്ചതുപോലെ അതിഥി തൊഴിലാളികള്‍ പെരുമ്പാവൂരിലും സംഘടിച്ചു. പെരുമ്പാവൂര്‍ ബംഗാള്‍ കോളനിയിലാണ് ഇന്ന് ഉച്ചയോടെ ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ മറികടന്ന് തൊഴിലാളികള്‍ സംഘടിച്ചത്. കമ്യൂണിറ്റി കിച്ചന്‍ വഴി വിതരണം ചെയ്ത ഭക്ഷണം തികഞ്ഞില്ല, ഭക്ഷണം അവരുടെ രീതിയിലല്ല എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. തൊഴിലാളികള്‍ റോഡിലിറങ്ങി പ്രതിഷേധിക്കുകയാണ്. ഉച്ചയ്ക്ക് നല്‍കിയ ഭക്ഷണത്തിന് ഗുണനിലവാരം ഇല്ലന്നാണ് തൊഴിലാളികളുടെ പ്രധാന പരാതി. കേരളത്തില്‍ ഏറ്റവുമധികം അതിഥി തൊഴിലാളികള്‍ താമസിക്കുന്നത് പെരുമ്പാവൂരിലാണ്.
ചോറും പരിപ്പ് കറിയുമാണ് ഉച്ചയ്ക്ക് അധികൃതര്‍ എത്തിച്ചത്. എന്നാല്‍ ചോറ് വേണ്ട ചപ്പാത്തി മതിയെന്നും പരിപ്പ് കറിക്ക് ഗുണനിലവാരമില്ലെന്നുമാണ് തൊഴിലാളികളുടെ പരാതി. പോലീസും മറ്റ് അധികൃതരും തൊഴിലാളികളെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയാണ്. മൂവായിരത്തിലധികം തൊഴിലാളികളാണ് ഇവിടെ താമസിക്കുന്നത്. കേരളീയ ഭക്ഷണം അവര്‍ക്ക് വേണ്ട എന്നറിയിച്ചതിനാല്‍ ചപ്പാത്തി ഉണ്ടാക്കാന്‍ ആട്ടയും ചപ്പാത്തി മെഷീനും അവര്‍ക്ക് എത്തിച്ചിരുന്നുവെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ എന്താണ് യഥാര്‍ഥ പ്രശ്‌നമെന്ന് വ്യക്തമല്ലെന്നും കാര്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നാട്ടിലേക്കുപോകാന്‍ വാഹനസൗകര്യം ആവശ്യപ്പെട്ടാണ് ഞായറാഴ്ച ദിവസം പായിപ്പാട്ട് അതിഥിത്തൊഴിലാളികള്‍ പ്രതിഷേധിച്ചത്. മതിയായ ഭക്ഷണം കിട്ടുന്നില്ലെന്നും ഇവര്‍ പരാതിപ്പെട്ടിരുന്നു. ചങ്ങനാശ്ശേരി പായിപ്പാട് കവലയിലെ ഉപരോധം അതിരുവിട്ടതോടെ പോലീസ് ലാത്തിവീശിയാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. പായിപ്പാട് സംഭവത്തെതുടര്‍ന്ന് ഒരു ബംഗാള്‍ സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.