29 March, 2020 01:09:54 PM
പോലീസ് ഉദ്യോഗസ്ഥന്‍ അപകടത്തില്‍ മരിച്ചു; അമിത ജോലിഭാരത്തിന്‍റെ ഇരയെന്ന് സഹപ്രവര്‍ത്തകന്‍
കോഴിക്കോട്: രാത്രി ഡ്യൂട്ടി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ അപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രി കരിവണ്ണൂര്‍ താഴെ ബൈക്ക് ടെലിഫോണ്‍ പോസ്റ്റിലിടിച്ച് ഉണ്ടായ അപകടത്തില്‍ കസബ പൊലീസ് ഓഫീസര്‍ സലീഷ് ആണ് മരിച്ചത്. അതേ സമയം, സലീഷ് കൊറോണക്കാലത്തെ അമിത ജോലിഭാരത്തിന്‍റെ ഇരയെന്ന അഭിപ്രായവുമായ പൊലീസ് ഉദ്യോഗസ്ഥന്‍ രംഗത്തെത്തി.
പത്തും പന്ത്രണ്ടും മണിക്കൂര്‍ വിശ്രമമില്ലാതെ ജോലി ചെയ്ത് തളര്‍ന്നുള്ള മടക്കയാത്രയിലാണ് സിലീഷ് മരിച്ചതെന്നും ഏത് പൊലീസുകാരനും ഈ അവസ്ഥയില്‍ വീണു പോകുമെന്നും കോഴിക്കോട് നഗരത്തിലെ സിവില്‍ പൊലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കില്‍ കുറിക്കുന്നു. വിജനമായ റോഡില്‍ ഏറെ നേരം പരിക്കേറ്റു കിടന്ന സലീഷ് രക്തം വാര്‍ന്നാണ് മരിച്ചത്. 45 കിലോമീറ്റര്‍ ദൂരെയുള്ള വീട്ടില്‍ നിന്നും എന്നും ബൈക്കോടിച്ചാണ് സലീഷ് ഡ്യൂട്ടിക്കെത്തുന്നത്. രാത്രി തിരിച്ചു പോകുമ്പോള്‍ ബൈക്കില്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സംശയം.
ഏറ്റവും കുറഞ്ഞത് പന്ത്രണ്ട് മണിക്കൂറാണ് ഇപ്പോള്‍ പൊലീസുകാരുടെ ഡ്യൂട്ടിസമയം. രാവിലെ എട്ട് മണി മുതല്‍ രാത്രി എട്ട് മണിവരെ പിക്കറ്റ് പോസ്റ്റില്‍ ഡ്യൂട്ടിയാണ്. ചിലപ്പോള്‍ ഡ്യൂട്ടി സമയം ഇതിലും കൂടും. ആഴ്ചയില്‍ ഒരു ദിവസമുള്ള ഓഫും ഇപ്പോള്‍ അനുവദിക്കുന്നില്ല. പൊതുജനങ്ങളുമായി നിരന്തരം സമ്പര്‍ക്കത്തിലേര്‍പ്പെടുന്നവരെന്ന നിലയില്‍ കൊറോണ ഭീതിയും പലര്‍ക്കുമുണ്ട്. കനത്ത ചൂട് ഇതിനെല്ലാം പുറമെ പ്രതിസന്ധി തീര്‍ക്കുന്നു. ഡ്യൂട്ടി സമയം ലഘൂകരിക്കാനും ഓഫ് അനുവദിക്കാനും പൊലീസ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അനുവദിക്കപ്പെട്ടിട്ടില്ല.