26 March, 2020 05:44:56 PM
ബിവറേജും ബാറും പൂട്ടി, ചാരായം ഒഴുകിതുടങ്ങി; കോഴിക്കോട് വന്‍ ചാരായവേട്ട
കോഴിക്കോട്: ബിവറേജുകളും ബാറുകളും താൽക്കാലികമായി അടച്ച സാഹചര്യത്തിൽ ചാരായം വാറ്റും കഞ്ചാവ് വില്‍പ്പനയും വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കോഴിക്കോട് ജില്ലയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ പരിശോധനയിൽ കാക്കൂർ മാണിക്യം കണ്ടി സത്യൻ (62) എന്നയാളുടെ വീട്ടിൽ നിന്നും 200 ലിറ്റർ വാഷും, ആറ് ലിറ്റർ നാടൻ ചാരായവും, വാറ്റ് ഉപകരണങ്ങളും പിടികൂടി.
കാക്കൂർ എസ്.ഐ ആഗേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ഇത് കൂടാതെ തിരുവമ്പാടി സ്റ്റേഷന് പരിധിയിലുള്ള മുത്തപ്പൻ പുഴയിൽ നടത്തിയ റെയ്ഡിലും വാഷും, വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. റൂറല്‍ ജില്ലാ പരിധിയില്‍ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി (റൂറല്‍) ഡോ. എ ശ്രീനിവാസ് അറിയിച്ചു.