26 March, 2020 11:27:29 AM
ചട്ടം ലംഘിച്ചു മദ്യം കടത്തൽ ; വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് മർദ്ദനം
കോഴിക്കോട് : വെള്ളയില്‍ സര്‍ക്കാര്‍ ബിവറേജസ് ഗോഡൗണില്‍ ചട്ടം ലംഘിച്ച് മദ്യം ഇറക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം. ജനം ടിവി റിപ്പോര്‍ട്ടര്‍ എഎന്‍ അഭിലാഷിനും ക്യാമറാമാന്‍ മിഥുനും അക്രമത്തില്‍ പരിക്കേറ്റു. സിഐടിയു, ഐഎന്‍ടിയുസി സംഘമാണ് ആക്രമിച്ചതെന്നാണ് ആരോപണം.
നാട്ടുകാര്‍ അറിയിച്ചതനുസരിച്ചാണ് ജനം ടിവി സംഘം വെള്ളയിലെ ബിവറേജസ് ഗോഡൗണിന് സമീപം എത്തിയത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് മദ്യം ഇറക്കിയത്. സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മൈക്കു പിടിച്ചെടുക്കാനും ക്യാമറ തല്ലിത്തകര്‍ക്കാനും ആക്രമി സംഘം ശ്രമിച്ചു.
കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ നിലവിലുള്ളത് ലംഘിച്ചായിരുന്നു ഇരുപതോളം പേര്‍ ചേര്‍ന്ന് ലോഡ് ഇറക്കാന്‍ ശ്രമിച്ചത്. സവാദ്, റിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്ന് ബിജെപി ആരോപിച്ചു. ആക്രമണത്തെതുടര്‍ന്ന് പോലീസെത്തി തൊഴിലാളികളെ പിരിച്ചയച്ചുവെങ്കിലും ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല.