24 March, 2020 07:23:15 PM


കാസര്‍ഗോഡ് 19 പേര്‍ക്ക് കൂടി കോവിഡ് 19; ജില്ലയില്‍ 1500 പൊലീസുകാരെ വിന്യസിപ്പിക്കും



കാസര്‍ഗോഡ്: ജില്ലയില്‍ ഇന്ന് പുതുതായി 19 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. എല്ലാവരും ദുബായില്‍ നിന്നും വന്നവരാണ്.18 പുരുഷന്മാര്‍ക്കും ഒരു യുവതിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 24, 30, 31 വയസ്സുള്ള ബാരെ സ്വദേശികള്‍ക്കും 41 വയസ്സുള്ള ബേക്കല്‍ സ്വദേശിക്കും 34, 40, 37 വയസ്സുള്ള കളനാട് സ്വദേശികള്‍ക്കും 47 വയസ്സുള്ള കുഡ്‌ലു സ്വദേശിക്കും 34, 21 വയസ്സുള്ള കാസര്‍ഗോഡ് സ്വദേശികള്‍ക്കും 50 വയസ്സുള്ള അലാമിപ്പള്ളി സ്വദേശിക്കും 32 വയസ്സുള്ള ചിത്താരി സ്വദേശിക്കും 27, 33 വയസ്സുള്ള ഉദുമ സ്വദേശികള്‍ക്കും 32 വയസ്സുള്ള മല്ലം സ്വദേശിക്കും 27 വയസ്സുള്ള പൂച്ചക്കാട് സ്വദേശിക്കും 34 വയസ്സുള്ള കൊമ്പന്‍പാറ സ്വദേശിക്കും, 52 വയസ്സുള്ള നെല്ലിക്കുന്ന സ്വദേശിക്കും 26 വയസ്സുള്ള ചിത്താരി സ്വദേശിയായ യുവതിക്കുമാണ്  ഇന്ന് കൊറോണ സ്ഥിരീകരിച്ചത്.


ജില്ലയില്‍ കോവിഡ് 19 വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ജില്ലയില്‍ 1500 പൊലീസിനെ വിന്യസിപ്പിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പി എസ് സാബു അറിയിച്ചു. വടക്കന്‍ മേഖലാ ഐ ജി അശോക് യാദവ്, എറണാകുളം സിറ്റി പൊലീസ് കമീഷണര്‍ വിജയ സാഖറെ, ഡി ഐ ജി സേതുരാമന്‍, കോട്ടയം കൈംബ്രാഞ്ച് എസ് പി സാബു മാത്യു, ടെലികമ്യൂണിക്കേഷന്‍ എസ്പി ഡി ശില്‍പ എന്നിവര്‍ പോലീസ് സേനയ്ക്ക് നേതൃത്വം നല്‍കും. അനാവശ്യമായി പുറത്തിറങ്ങിയാല്‍ അറസ്റ്റ് ചെയ്യും. ഇതിനായി  10 വാഹനങ്ങളില്‍ 50 പൊലീസുകാരെ നിയോഗിക്കും. പുറത്തിറങ്ങുന്നവരുടെ ആവശ്യം ചോദിച്ച് വ്യക്തമാക്കിയതിനു ശേഷമേ പോകാന്‍  അനുവദിക്കൂ.  പകല്‍ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ തുറക്കുന്ന കടകള്‍ക്ക് മുന്നില്‍ സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരെ കൂട്ടംകൂടി നില്‍ക്കാന്‍ അനുവദിക്കില്ല.

 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K