20 March, 2020 11:17:53 PM
സ്വയം നിരീക്ഷണം ഏര്‍പ്പെടുത്തി ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ. പ്രമീള ദേവി
- നൗഷാദ് വെംബ്ലി
കാഞ്ഞിരപ്പള്ളി : രണ്ടുമാസത്തെ അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞു ബുധനാഴ്ച കാഞ്ഞിരപ്പള്ളിയില്‍ തിരികെ എത്തിയ പ്രമീളാദേവി കാഞ്ഞിരപ്പള്ളി ആനകല്ലിലുളള വീടിനുള്ളില്‍ സ്വയം പ്രതിരോധത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഭര്‍ത്താവും അമ്മയും ജോലിക്കാര്‍ക്കുമൊപ്പം താമസിക്കുന്ന പ്രമീളാദേവി, വീടിനുള്ളിലെ തന്‍റെ മുറിയില്‍ ക്വാറന്‍റയിനില്‍ കഴിയുകയാണ്. വീട്ടിനുളളിലെ മറ്റു മുറികളില്‍പോലും പോവാതെ അടച്ചിട്ട മുറിയില്‍ തന്നെയാണ്. ജനലിനോട് ചേര്‍ന്നു ഭക്ഷണത്തിനായി കഴുകി വൃത്തിയാക്കിയ പാത്രം വയ്ക്കും. അമ്മയോ ജോലിക്കാരിയോ ഭക്ഷണം ജനാലക്കരികില്‍ എത്തിച്ചിട്ട് അറിയിക്കും ഭക്ഷണം വച്ചിട്ട് മടങ്ങുമ്പോള്‍ ജനാല തുറന്ന് ഭക്ഷണം എടുത്തു കഴിക്കുകയാണ് പതിവ്.
ഇക്കഴിഞ്ഞ 17ന് രാത്രിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. എയര്‍പോര്‍ട്ടിലെ എല്ലാ പരിശോധനകളും നടത്തിയാണ് ഇറങ്ങിയത്. വീട്ടില്‍ നിന്നും ഡ്രൈവര്‍ കാര്‍ എയര്‍പോര്‍ട്ടിലെത്തിച്ചു തിരികെപോയിരുന്നു. താന്‍ കാരണം ആര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കാന്‍ സ്വയം കാര്‍ ഓടിച്ചാണ് രാത്രി 12.30ഓടെ വീട്ടിലെത്തിയത്. രണ്ടുമാസമായി അമേരിക്കയിലെ മിഷിഗണ്‍, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റികളില്‍ വിവിധ ക്ലാസുകള്‍ എടുക്കാനും, പ്രബന്ധങ്ങള്‍ അവതരിപ്പിക്കാനും സന്ദര്‍ശനത്തിലായിരുന്നു.
ഇതിനിടയില്‍ ബി.ജെ.പി.സംസ്ഥാന വൈസ്പ്രസിഡന്‍റായി തെരഞ്ഞെടുത്തിരുന്നു. അതിനുശേഷം നാട്ടിലെത്തുന്ന ഇവര്‍ക്ക് സ്വീകരണ പരിപാടിയും മറ്റും ഒരുക്കിയിരുന്നെങ്കിലും കൊറോണ നിയന്ത്രണം മൂലം ഒഴിവാക്കുകയായിരുന്നു. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളും ആരോഗ്യ വകുപ്പും ജനനന്‍മക്കുവേണ്ടിയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും അത് പാലിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണന്നും പ്രമീളദേവി പറഞ്ഞു. അതുകൊണ്ടാണ് സ്വയം നിരീക്ഷണ സംവിധാനം ഒരുക്കിയതെന്നും പ്രമീളദേവി പറഞ്ഞു.