20 March, 2020 09:45:57 PM


കോവിഡ് ബാധിതനെ കെട്ടിപ്പിടിച്ചിട്ടില്ല; സെല്‍ഫി എടുത്തു - കമറുദ്ദീന്‍ എംഎല്‍എ



കാസര്‍കോട്: കോവിഡ് 19 രോഗം സ്ഥിരീകരിച്ച രോഗിയുമായി അടുത്ത് ഇടപഴകിയിട്ടില്ലെന്ന് മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീന്‍. സെല്‍ഫി എടുത്തുവെന്നും എന്നാല്‍ താന്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതായി സമകാലികമലയാളം റിപ്പോര്‍ട്ട് ചെയ്തു. 'കാസര്‍കോടേക്ക് പോവുകയായിരുന്നു. എന്‍റെ വണ്ടിക്ക് കൈകാട്ടി. എംഎല്‍എ ആയിരുന്നത് കൊണ്ട് നിര്‍ത്താതെ പോകുന്നത് ശരിയല്ലല്ലോയെന്ന് കരുതി. നേരത്തെ പരിചയമുള്ളവരാണ്. അതുകൊണ്ട് വണ്ടി റിവേഴ്‌സെടുത്ത്. വെറുതെ വിളിച്ചതായിരുന്നു. വിശേഷമൊന്നുമില്ല, ഒരു ഫോട്ടോ എടുക്കണം എന്ന് പറഞ്ഞു.'


'ഫോട്ടോയെടുക്കാന്‍ വണ്ടിയില്‍ നിന്നിറങ്ങിയിട്ടില്ല. സീറ്റില്‍ നിന്ന് പുറത്തിറങ്ങിയിട്ടില്ല. അവര്‍ പുറത്തായിരുന്നു. അല്ലാതെ പ്രചരിക്കുന്ന ചിത്രങ്ങള്‍ ഇപ്പോഴത്തേതാവില്ല. ഞാന്‍ കെട്ടിപ്പിടിച്ചിട്ടില്ല. ഷേക് ഹാന്‍റ് കൊടുത്തതും ഓര്‍മ്മയില്ല. ജനങ്ങള്‍ക്കിടയില്‍ ഇയാള്‍ ഇടപഴകിയത് വളരെയധികം ആശങ്കയുണ്ട്. ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ച്‌ ഇയാള്‍ വീടിനകത്ത് നില്‍ക്കേണ്ടതായിരുന്നു. അത് നിരീക്ഷിക്കേണ്ടതായിരുന്നു. ഇന്നലെ രാത്രിയാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത് അറിഞ്ഞത്'.


ഉടനേ നെല്ലിക്കുന്ന് എംഎല്‍എയെ ബന്ധപ്പെട്ട് കുറച്ച്‌ ദിവസം പുറത്ത് പോകേണ്ടെന്ന തീരുമാനം എടുത്തത്. ഇത്തരമൊരു സാഹചര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിനടക്കുന്നത് ശരിയല്ലെന്ന് കരുതിയെടുത്ത തീരുമാനമാണ്. പരിശോധനയ്ക്ക് ആരോഗ്യവകുപ്പിനോട് സന്നദ്ധത അറിയിച്ചിട്ടുണ്ട്. രോഗാണു ശരീരത്തില്‍ കയറിയിട്ടുണ്ടോയെന്ന് അറിയില്ല'

'പെര്‍ഫ്യൂം, സാനിറ്റൈസര്‍ തുടങ്ങിയ സാധനങ്ങള്‍ വണ്ടിയില്‍ സാധാരണ കരുതാറുണ്ട്. അത് വച്ച്‌ ഞാന്‍ ഇടയ്ക്കിടയ്ക്ക് കൈ കഴുകാറുണ്ട്. എപ്പോഴും കൈ വൃത്തിയാക്കുന്ന സ്വഭാവം ഒന്നുകൂടി ത്വരിതപ്പെടുത്തിയിട്ടുണ്ട്,' എന്നും എംഎല്‍എ പറഞ്ഞു.'


കാസര്‍കോട് എത്തിയ രോഗ ബാധിതന്‍ ഒരു എംഎല്‍എയെ കെട്ടിപ്പിടിക്കുകയും മറ്റൊരു എംഎല്‍എയ്ക്ക് കൈകൊടുക്കുകയും ചെയ്തു എന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയിരുന്നു. രോഗം ബാധിച്ചയാള്‍ കരിപ്പൂരിലാണ് വന്നിറങ്ങിയത്. അന്ന് അവിടെ താമസിച്ചു. പിറ്റേദിവസം കോഴിക്കോട്ട് പോയി. കോഴിക്കോട്ട് നിന്ന് ട്രെയിനില്‍ ആണ് കാസര്‍കോട്ട് പോയത്. പിന്നിടുളള ദിവസങ്ങളില്‍ എല്ലാ പരിപാടികളിലും പങ്കെടുത്തതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K