11 March, 2020 02:15:40 AM
വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണു; കോഴിക്കോട് കാരശ്ശേരിയില്‍ പരിഭ്രാന്തി
കോഴിക്കോട്: പക്ഷിപ്പനി ബാധിത പ്രദേശമായ കൊടിയത്തൂരിനോടു ചേര്‍ന്നുള്ള കാരശ്ശേരി പഞ്ചായത്തില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്തു വീണത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. കാരമൂല അങ്ങാടിക്ക് സമീപത്തെ മദ്രസയുടെ കോമ്ബൗണ്ടിലെ വലിയ പാലമരത്തിന് ചുവട്ടിലായാണ് പതിനഞ്ചോളം വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയില്‍ ഇന്നലെ രാവിലെ പരിസരവാസികള്‍ കണ്ടത്. വിവരമറിഞ്ഞ് ആരോഗ്യ, വെറ്ററിനറി ദ്രുതകര്‍മ്മ സേനാംഗങ്ങള്‍ വൈകാതെ സ്ഥലത്തെത്തി.
ചത്ത വവ്വാലുകളെ, സാമ്ബിള്‍ ശേഖരിച്ച ശേഷം ഇതേ കോമ്ബൗണ്ടില്‍ ജെ.സി ബി ഉപയോഗിച്ച് ആഴത്തില്‍ തീര്‍ത്ത കുഴിയിലിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ച് മൂടി. മരപ്പട്ടിയുടെ ആക്രമണത്തിലാവാം വവ്വാലുകള്‍ ചത്തതെന്നും സംശയിക്കുന്നു. കഴിഞ്ഞ ദിവസം രാത്രി വവ്വാലുകളുടെ കൂട്ടക്കരച്ചില്‍ കേട്ടതായി ഒരു പരിസരവാസി പറഞ്ഞു. ചത്തതില്‍ നല്ലൊരു പങ്കും വവ്വാല്‍ കുട്ടികളാണ്.