09 March, 2020 01:27:19 AM
വനിതാ മുന്നേറ്റത്തിന് പച്ചകൊടി; വേണാടിന്റെ പെണ്‍കുതിപ്പ് ചരിത്രം കുറിച്ചു
കൊച്ചി: വനിതാ ദിനത്തില്‍ ചരിത്രംകുറിച്ച് വേണാടിന്റെ പെണ്‍കുതിപ്പ്. ദക്ഷിണ റെയില്‍വേ നേതൃത്വത്തില്‍ സംസ്‌ഥാനത്താദ്യമായി വനിതകളുടെ പൂര്‍ണ നിയന്ത്രണത്തില്‍ ട്രെയിന്‍ സര്‍വീസ് നടത്തി. തിരുവനന്തപുരം- ഷൊര്‍ണൂര്‍ വേണാട് എക്‌സ്‌പ്രസിന്റെ എറണാകുളത്ത്‌നിന്ന് ഷൊര്‍ണൂര്‍ വരെയുള്ള യാത്രയാണ് വനിതകള്‍ നിയന്ത്രിച്ചത്.
ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, പോയിന്റ്‌സ്‌മെന്‍, ഗേറ്റ് കീപ്പര്‍, ട്രാക്ക് വുമന്‍ എന്നിവരെല്ലാവരും വനിതകളായിരുന്നു. ടിക്കറ്റ് ബുക്കിങ് ഓഫിസ്, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സിഗ്‌നല്‍, കാരേജ്, വാഗണ്‍ എന്നീ വിഭാഗങ്ങളും വനിതകള്‍ നിയന്ത്രിച്ചു. സമാനജോലി ഇവരില്‍ പലരും മുമ്പും ചെയ്‌തിട്ടുണ്ടെങ്കിലും ഒരു എക്‌സ്‌പ്രസ് ട്രെയിനിന്റെ നിയന്ത്രണം പൂര്‍ണമായും വനിതകള്‍ ഏല്‍ക്കുന്നത് ഇതാദ്യമാണ്.
സൗത്ത് റെയില്‍വെ സ്‌റ്റേഷനിലെത്തിയ ട്രെയിനില്‍ ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോകാനുള്ള എഞ്ചിന്‍ ഘടിപ്പിക്കാന്‍ വനിതാ ജീവനക്കാരാണ് ആദ്യമെത്തിയത്. മേല്‍നോട്ടം വഹിച്ച് ലോക്കോ പൈലറ്റ് മരിയ ഗൊറോത്തി, അസി. ലോക്കോ പൈലറ്റ് കെ. വിദ്യാദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് ലോക്കോ പൈലറ്റ് കാബിനിലേക്ക് ഇരുവരും കയറി, എല്ലാം സജ്‌ജമായെന്ന് ഉറപ്പാക്കി. ഈ അപൂര്‍വ നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ ഡി.സി.പി: ജി.പൂങ്കുഴലി, അസി. കലക്‌ടര്‍ എം.എസ്. മാധവിക്കുട്ടി, ജി.എസ്.ടി. ഇന്റലിജന്‍സ് ഡെപ്യൂട്ടി ഡയറക്‌ടര്‍ പി.ജി. ഗായത്രി തുടങ്ങിയവരും എത്തിയിരുന്നു.
10.18 ന് പിന്നിലെ ഗാര്‍ഡ് റൂമില്‍നിന്നു സീനിയര്‍ പാസഞ്ചര്‍ ഗാര്‍ഡ് എം. ശ്രീജ വാക്കിടോക്കിയിലൂടെ സന്ദേശം നല്‍കുകയും സിഗ്‌നല്‍ കാണിക്കുകയും ചെയ്‌തു. കാബിനില്‍നിന്നു പുറത്തേക്ക് വീശിയ പച്ചക്കൊടി വനിതാ മുന്നേറ്റത്തിന്റെ അടയാളമായി. കിതച്ചുനീങ്ങിയിരുന്ന കാലഘട്ടത്തെ ഓര്‍മയാക്കി പെണ്‍കരുത്തില്‍ വേണാട് മുന്നോട്ട് കുതിച്ചു. ടി.ടി.ഇ: പി.ബി ഗീതാകുമാരിയും സ്‌റ്റേഷന്‍ മാസ്‌റ്റര്‍ നീന ബഷീറുമായിരുന്നു ക്രൂവിലെ മറ്റു പെണ്‍സാന്നിധ്യം