08 March, 2020 10:48:16 AM


ഇത് കോവിലമ്മ എന്ന നൈഷ്ഠിക ബ്രഹ്മചാരിണി; ലോകത്തിലെ പുറപ്പെടാശാന്തിയായ ഏക വനിത

- സജീഷ് വടമണ്‍




കൊട്ടാരക്കര: ശ്രീകോവിലില്‍ മണിനാദങ്ങള്‍ക്കൊപ്പം മുഴങ്ങുന്ന സഹസ്രനാമജപത്തിന് ഒരു സ്ത്രീയുടെ സ്വരം. പൂജകഴിഞ്ഞ് പുഷ്പാക്ഷതങ്ങളും പ്രസാദവും വലം കൈയിലും പുണ്യാഹജലം നിറച്ച കിണ്ടി ഇടം കൈയിലുമേന്തി തൂവെള്ള വസ്ത്രം ധരിച്ച ഒരു സ്ത്രീ ഇറങ്ങി വരുന്നത് കാണുമ്പോള്‍ അത്ഭുതം തോന്നും. കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ പ്രശസ്തമായ വെളിയം സുബ്രമണ്യ ക്ഷേത്രത്തിലെ പ്രധാന പൂജാരിണി ഒരു വനിതയാണന്നുള്ളത് കേള്‍ക്കുന്നവരില്‍ ആശ്ചര്യം തോന്നാം.


ചരിത്രാതീത കാലത്ത് കന്യാകുമാരി സ്വദേശിയായ യോഗിനിയമ്മയെത്തി തപസുചെയ്തതെന്ന് വിശ്വസിക്കുന്ന കേരള പളനി എന്നറിയപ്പെടുന്ന വെളിയം സുബ്രമണ്യക്ഷേത്രത്തില്‍ പണ്ടുമുതലേ സ്ത്രീകള്‍ പൂജകള്‍ നടത്തിവരുന്നു. രാജഭരണകാലത്ത് മൂലസ്ഥാനത്ത് സ്ത്രീകളായിരുന്നു പൂജാരിണിമാരെന്ന് ദേവപ്രശ്‌നത്തില്‍ അടുത്തിടെ തെളിഞ്ഞിരുന്നു. കാലക്രമത്തില്‍ പൂജകള്‍ യോഗിനിയമ്മയും ചെയ്തുവന്നു. ഇന്ന് ക്ഷേത്രപൂജകള്‍ നിര്‍വഹിക്കുന്നത് യോഗിനിയമ്മയുടെ ചെറുമകള്‍ കോവിലമ്മ എന്നറിയപ്പെടുന്ന പ്രഭഞ്ജനാദേവിയാണ്. എഴുപത് വയസ്സുള്ള അവിവാഹിതയായ ഇവര്‍ പതിമ്മൂന്ന് വയസ്സുമുതല്‍ ക്ഷേത്ര പൂജ ചെയ്തുവരുന്നു.


23-ാം വയസ്സുമുതല്‍ ക്ഷേത്രത്തില്‍ പുറപ്പെടാശാന്തിയെ പോലെ താമസിച്ച് പുറംലോകത്ത് സഞ്ചരിക്കാതെ നിരന്തരം സാധനയും കര്‍മങ്ങളും അനുഷ്ഠിക്കുന്നു. ഭക്തര്‍ക്ക് സാന്ത്വനമേകുന്നു. ദേഹചിന്ത കൂടാതെ ഇഷ്ടാനിഷ്ടങ്ങളെക്കുറിച്ച് മനസാവാചാ കര്‍മണാ ആലോചിക്കാതെ ക്ഷേത്രത്തിലെ നിവേദ്യം മാത്രം ഭക്ഷിച്ചാണ് കോവിലമ്മ തന്റെ കൊടും തപസ്സ് തുടരുന്നത്. ഈ തപസ്സാണ് ക്ഷേത്രചൈതന്യവര്‍ധനവിന് കാരണമെന്ന് ഭക്തരും നാട്ടുകാരും ഒരുപോലെ വിശ്വസിക്കുന്നു.
ഇവിടെയെത്തുന്ന ഭക്തരുടെ നീറുന്ന ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും വഴികാട്ടുകയും ചെയ്യുന്നത് കോവിലമ്മയാണ്.

ഈശ്വരനിയോഗത്താല്‍ ഇനി ഈ കുടുംബത്തില്‍ നിന്നുതന്നെ ഒരു പെണ്‍കുട്ടി കോവിലമ്മയായി എത്തുന്നതുവരെ പ്രഭഞ്ജലാദേവിയെന്ന ഇന്നത്തെ കോവിലമ്മയുടെ അഖണ്ഡതപസ്സിന് വിരാമമില്ല. ഈശ്വരപൂജയില്‍ സ്വയം സമര്‍പ്പിതയായ സ്ത്രീ ശക്തിയുടെ മഹത്വം വിളിച്ചോതുകയാണ് കോവിലമ്മ എന്ന പൂജാരിണി. സ്ത്രീ സമത്വവും ശാക്തീകരണവും വാ തോരാതെ വിളിച്ചോതുന്നവര്‍ക്ക് മുന്നില്‍ ഹൈന്ദവ ധര്‍മ്മത്തിന്റെ മഹിതോദാഹരണമായി നിലകൊള്ളുകയാണിവിടം. സ്വ പ്രയത്നം കൊണ്ടും ഉള്‍വിളികൊണ്ടും ആത്മീയ ഔന്നത്യത്തിന്റെ ഏത് സീമകള്‍ക്കപ്പുറവും സ്ത്രീകള്‍ക്ക് കടക്കാം എന്ന് ബോധ്യപ്പെടുത്തുകയാണ് കോവിലമ്മ.


തപസ്സും സ്വാധ്യായവും പൗരാണീക കാലം മുതല്ക്കേ ഭാരതസ്ത്രീകള്‍ക്ക് അന്യമായിരുന്നില്ല.വേദവിത്തുക്കളായ ഗാര്‍ഗ്ഗിയും മൈത്രേയിയും മുതല്‍ തപസ്വിയായ ശബരിമാതാവ് വരെയുള്ളവര്‍ ഈശ്വര സാക്ഷാത്ക്കാരം നേടിയവരാണ്.സ്വന്തം 
കുടുംബത്തെക്കുറിച്ച് ആലോചിക്കാതെ അന്യകുടുംബങ്ങള്‍ ശിഥിലമാകാതിരിക്കാന്‍ ഏകാന്ത തപസനുഷ്ഠിക്കുന്ന ത്യാഗത്തിന്റെ  സ്ത്രീരൂപമാണിവര്‍.ആ ഇശ്ചയും നിശ്ചയവുമാണ് ആയിരക്കണക്കിന് കുടുംബങ്ങള്‍ ഈ അമ്മയുടെ മുന്നിലെത്തി താലികെട്ടി വിവാഹിതരാകുന്നതും.


കുടുംബ ബന്ധങ്ങളുടെ വിളക്കുകണ്ണികള്‍  പൊട്ടിത്തെറിച്ച് ശിഥിലമായ കുടുംബങ്ങളെ കണ്ടു പരിചരിച്ച മലയാളി മൂക്കത്ത് വിരല്‍ വച്ച് പോകും ഇവിടെ നടന്ന വിവാഹങ്ങള്‍ വേര്‍പിരിയുന്നില്ലന്നറിയുമ്പോള്‍. പുരോഗമനവും പുത്തന്‍  നവോത്ഥാനവും എന്തു പറഞ്ഞാലും സ്വയമെരിഞ്ഞ് അന്യര്‍ക്ക് വെളിച്ചമേകുന്ന വെളിയം കോവിലമ്മ ഇരുട്ട് പിടിച്ച ആധുനിക ലോകത്തിലെ സ്ത്രീ ശാക്തീകരണ കോലാഹല ഇരുട്ടില്‍ കൊളുത്തിവച്ച നിറദീപം തന്നെയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K