07 March, 2020 09:17:56 PM
തുല്യനീതിയ്ക്കായി സ്ത്രീകള്‍ പോരാട്ടം തുടരണം - സി.എസ്. സുജാത
കോട്ടയം: അന്താരാഷ്ട്ര വനിതാ ദിനാഘോഷ പരിപാടിയുടെ ഭാഗമായി കോട്ടയം നഗരത്തില്‍ സംഘടിപ്പിച്ച റാലിയും പൊതു സമ്മേളനവും സമൂഹത്തിലെ വിവിധ മേഖലകളില്‍നിന്നുള്ള സ്ത്രീകളുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വനിതാ ശിശു വികസന വകുപ്പ് ജില്ലാ പഞ്ചായത്തിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെയാണ് ആഘോഷ പരിപാടികള്‍ നടത്തിയത്.
കളക്‌ട്രേറ്റിന് സമീപം മുന്‍ എം.പി അഡ്വ.സി. എസ് സുജാത ഉദ്ഘാടനം ചെയ്ത റാലിയില്‍ അഭിഭാഷകര്‍, അധ്യാപകര്‍, വിദ്യാര്‍ഥിനികള്‍, കുടുംബശ്രീ, ആശാ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അണിനിരന്നു. ഭരണഘടന തന്നെ അപകടത്തിലാകുന്ന കാലത്ത് തുല്യനീതിയ്ക്കായി സ്ത്രീകള്‍ പോരാട്ടം തുടരണമെന്ന് സി.എസ്. സുജാത പറഞ്ഞു. റാലി തിരുനക്കര മൈതാനത്ത് സമാപിച്ചു. തുടര്‍ന്നു നടന്ന പൊതുസമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സാലി മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ലതിക സുഭാഷ് മുഖ്യപ്രഭാഷണം നടത്തി.
സ്ത്രീ സുരക്ഷാനിയമങ്ങളെക്കുറിച്ചുള്ള സെമിനാറിന് അഡ്വ. സിന്ധു ഗോപാലകൃഷ്ണന്‍ നേതൃത്വം നല്‍കി. വനിതാ ദിനത്തോടനുബന്ധിച്ച് നടത്തിയ കലാ, കായിക മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു.
മികച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ നാരായണനെയും മികച്ച അയല്‍ക്കൂട്ടത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ തിടനാട് പഞ്ചമി അയല്‍ക്കൂട്ടത്തിന്റെ പ്രതിനിധികളെയും ആദരിച്ചു. എഴുത്തുകാരി ചന്ദ്രലേഖ രവീന്ദ്രന്റെ താഴ്‌വാരങ്ങളില്‍ തനിയെ എന്ന കഥാസമാഹാരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍ ഷീജ അനില്‍ പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി അധ്യക്ഷരായ ലിസമ്മ ബേബി, പെണ്ണമ്മ ജോസഫ്, മാഗി ജോസഫ്, ജില്ലാ പഞ്ചായത്തംഗം അനിത രാജു, ശിശു ക്ഷേമ സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരന്‍, വനിതാ-ശിശു വികസന വകുപ്പ് ജില്ലാ ഓഫീസര്‍ പി.എന്‍. ശ്രീദേവി, ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസര്‍ കെ.വി. ആശാമോള്‍, ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ അസിസ്റ്റന്റ് ഡയറക്ടര്‍ സുധ നമ്പൂതിരി, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ ഉഷാകുമാരി, ജില്ലാ വനിതാ ക്ഷേമ ഓഫീസര്‍ സഫിയ ബീവി, എ.ഡി.സി(ജനറല്‍) ജി. അനിസ്, വനിതാ സാഹിതി പ്രതിനിധി പി.കെ. ജലജാമണി, പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തംഗം രമാ മോഹന്‍, തങ്കമ്മ ജോര്‍ജുകുട്ടി, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ കെ.എസ് .മല്ലിക തുടങ്ങിയവര്‍ പങ്കെടുത്തു.
സമ്മേളനത്തിനുശേഷം വനിതകളുടെ കലാപരിപാടികള്‍ നടന്നു.