04 March, 2020 08:19:39 PM
രണ്ടരവയസുകാരൻ വീട്ടുകാരുടെ കണ്ണുവെട്ടിച്ച് പോയത് നൂറുമീറ്ററകലെ ബസ് സ്റ്റാൻഡിൽ

വടകര: കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഒറ്റയ്ക്ക് ആക്കരുതെന്നും മുഖ്യമന്ത്രി വരെ വ്യക്തമാക്കിയ പിന്നാലെ രണ്ടര വയസ്സുകാരന്‍റെ തിരോധാനം. വടകരയിലാണ് സംഭവം. അമ്മ തുണി കഴുകാൻ പോയ സമയത്ത് കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയ രണ്ടര വയസുകാരൻ സഞ്ചരിച്ചത് നൂറു മീറ്റര്‍.
വടകര ആയഞ്ചേരി ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ബഷീറിന്‍റെയും ഫസീലയുടെയും മകനായ രണ്ടര വയസുകാരനാണ് ഹസീബ് മാതാവിന്‍റെ കണ്ണുവെട്ടിച്ച് ഓടിപ്പോയത്. വീടിന് നൂറു മീറ്റർ അകലെയുള്ള ബസ് സ്റ്റാൻഡിലെത്തിയ കുട്ടി ആളുകളുടെ ശ്രദ്ധയിൽപ്പെട്ടതു കൊണ്ട് കുഴപ്പം ഒന്നും കൂടാതെ വീട്ടില്‍ തിരിച്ചെത്തി.
വീടിന് മുന്നിലെ ഇടവഴിയിലേക്കിറങ്ങിയ രണ്ടരവയസുകാരൻ അവിടെ നിന്ന് സമീപത്തെ പഞ്ചായത്ത് റോഡിലേക്കും. പിന്നീട് വാഹനത്തിരക്കില്ലാത്ത റോഡ് മുറിച്ചു കടന്ന് വീടിന് നൂറു മീറ്ററകലെയുള്ള ബസ് സ്റ്റാൻഡിന് സമീപവും എത്തുകയായിരുന്നു. പിന്നീട് സംഗതി പന്തിയല്ലെന്ന് മനസിലായി പേടിച്ചു പോയ കുട്ടി കരയാൻ തുടങ്ങിയതോടെയാണ് സമീപത്തെ വ്യാപാരികളും യാത്രക്കാരും ശ്രദ്ധിച്ചത്.
ഇവര്‍ കുഞ്ഞിനെ സമീപത്തെ പൊലീസ് എയ്ഡ് പോസ്റ്റിലാക്കുകയായിരുന്നു. കുഞ്ഞിനെ കാണാതായത് ശ്രദ്ധയിൽപെട്ട വീട്ടുകാരും ഇതിനിടെ തിരച്ചിൽ തുടങ്ങിയിരുന്നു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ കുട്ടിയെ സമീപത്തെ ആശുപത്രിയിലെ ഡോക്ടറെക്കൊണ്ട് പരിശോധിപ്പിച്ച ശേഷം രക്ഷിതാക്കളെ ഏൽപ്പിച്ചു.