01 March, 2020 03:19:28 PM


പ്രളയബാധിതര്‍ക്ക് ആസ്റ്റര്‍ വോളണ്ടിയേഴ്‌സ് നിര്‍മിച്ച 100 വീടുകളുടെ താക്കോല്‍ കൈമാറി




കൊച്ചി: മഹാപ്രളയത്തില്‍ ഭവനരഹിതരായവര്‍ക്കായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ ആസ്റ്റര്‍ വോളന്റിയേഴ്‌സ് ആസ്റ്റര്‍ ഹോംസ് എന്ന ഭവനനിര്‍മാണ സംരംഭത്തിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിച്ച 100 വീടുകളുടെ താക്കോല്‍ദാനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. കേരള പുനര്‍നിര്‍മാണ പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച 250 വീടുകളിലെ ആദ്യഘട്ടം നിര്‍മാണം പൂര്‍ത്തിയായവയാണ് ഇത്. സാമൂഹ്യസേവന രംഗത്ത് ആസ്റ്റര്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.


മേയര്‍ സൗമിനി ജെയിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഭവന നിര്‍മാണത്തില്‍ പങ്കാളിയായ റോട്ടറി ഇന്റര്‍നാഷണലിനെയും ദുരിതബാധിതര്‍ക്ക് ഭൂമി നല്‍കിയവരെയും മുഖ്യമന്ത്രി ആദരിച്ചു. 2018-ലെ മഹാപ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട ഒരു വലിയ വിഭാഗം ആളുകള്‍ക്ക് വീട് വെച്ച് നല്‍കാമെന്ന വാഗ്ദാനം നിറവേറ്റാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ആസ്റ്റര്‍ ഡിഎം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. വാഗ്ദാനം ചെയ്ത 250 വീടുകളില്‍ 100-ലേറെ വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ആസ്റ്റര്‍ വോളണ്ടിയേഴ്‌സിന് കഴിഞ്ഞു. 


പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച ജില്ലകളായ വയനാട്ടില്‍ 45-ഉം എറണാകുളത്ത് 33-ഉം ആലപ്പുഴ, കോട്ടയം ജില്ലകളില്‍ 7 വീതവും കോഴിക്കോട്ട് 4-ഉം പത്തനംതിട്ട 5-ഉം വീടുകളാണ് ആദ്യഘട്ടത്തില്‍ കൈമാറിയത്. ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ ടി.ജെ. വിനോദ്, എസ്. ശര്‍മ, വി.ഡി. സതീശന്‍, ഇബ്രാഹിംകുഞ്ഞ്, അന്‍വര്‍ സാദത്ത്, ജില്ലാ കളക്ടര്‍ എസ്. സുഹാസ്, ഹാബിറ്റാറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജി. ശങ്കര്‍, ആസ്റ്റര്‍ ഇന്ത്യ സിഇഒ ഡോ. ഹരീഷ് പിള്ള, ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ കമാന്‍ഡര്‍ ജെല്‍സണ്‍ കവലക്കാട്ട് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K