25 February, 2020 10:23:35 AM


വീട് പോയവര്‍ക്ക് 'ആശ്വാസം' ഇല്ല, സിപിഎം നേതാവിന് പത്തരലക്ഷം; ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍



കൊച്ചി: പ്രളയത്തില്‍ വീടു തകര്‍ന്നവര്‍ക്ക് പോലും നാലു ലക്ഷം തികച്ചു കിട്ടിയിട്ടില്ല എന്നിരിക്കെ മഴപോലും കൃത്യമായി പെയ്യാത്ത സ്ഥലത്ത് താമസിക്കുന്ന സിപിഎം നേതാവിന് പ്രളയസഹായമായി ഇതുവരെ അക്കൗണ്ടില്‍ എത്തിയത് 10 ലക്ഷം രുപ. സംഭവം വിവാദമായതോടെ തുക കളക്ടര്‍ തിരിച്ചുപിടിക്കുകയും കളക്ടറേറ്റിലെ ദുരിതാശ്വാസ സെല്ലിന്റെ ചുമതല വഹിച്ചിരുന്ന ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കുകയും ചെയ്തു.


എറണാകുളം കാക്കനാട് നിലംപതിഞ്ഞ മുകളിൽ താമസിക്കുന്ന സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയം​ഗം എം എം അൻവറിന്‍റെ അക്കൗണ്ടിലാണ് പണം വന്നത്. സംഭവത്തില്‍ ക്ലാർക്ക് വിഷ്ണു പ്രസാദിനെ സസ്പെന്‍റ് ചെയ്തു. അവസാന ഗഡു ജനുവരിയില്‍ വന്നതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. പ്രളയ ദുരിതാശ്വാസത്തില്‍ ദുരിത ബാധിത‌ർക്കുള്ള സഹായത്തിലെ പണമായിരുന്നു ഇത്.


പ്രളയത്തിന്റെ യാതൊരു പ്രശ്നവും ഇല്ലാത്ത നിലംപതിഞ്ഞ മുകളിൽ താമസിക്കുന്ന അന്‍വറിന്റെ അക്കൗണ്ടിലേക്ക് പ്രളയ ദുരിതാശ്വാസം എന്ന ഇനത്തില്‍ ജില്ലാ ഭരണകൂടം പല ഗഡുക്കളായി ഇട്ടുകൊടുത്തത് പത്തര ലക്ഷം രൂപയായിരുന്നു. ഇതില്‍ അഞ്ചു ലക്ഷം ഇയാള്‍ പിന്‍വലിക്കുകയും ചെയ്തു. പ്രളയബാധിതനല്ലാത്ത സിപിഎം നേതാവിന് എങ്ങിനെയാണ് പ്രളയ ധനസഹായം കിട്ടിയത് എന്ന് സംശയം പ്രകടിപ്പിച്ച് ഇടപാട് നടത്തിയ സഹകരണ ബാങ്ക് മാനേജര്‍ കളക്ടറെ സമീപിച്ചതോടെയാണ് വിവാദമായത്.


കഴിഞ്ഞ ജനുവരിയില്‍ അവസാന ഗഡുവായ ഒന്നരലക്ഷം കൂടി വന്നപ്പോള്‍ ​ആകെ കിട്ടിയത് 10, 54,000 രൂപയാണ്. ജനുവരി 24നാണ് അയ്യനാട് സർവ്വീസ് സഹകരണ ബാങ്കിലേക്ക് ഒന്നേ മുക്കാൽ ലക്ഷം രൂപയുടെ അവസാന ​ഗഡു എത്തിയത്. നല്ല മഴപോലും കൃത്യമായി കിട്ടാത്ത നിലംപതിഞ്ഞ മുകളിൽ എങ്ങനെയാണ് അൻവറിന് പ്രളയ ധനസാഹയം കിട്ടുന്നതെന്ന സംശയം തോന്നിയ സഹകരണ ബാങ്ക് ജില്ലാ കളക്ടറെ കണ്ടു വിവരം ചോദിച്ചപ്പോഴാണ് തുക അനധികൃതമായി അനുവദിച്ചതാണെന്ന കണ്ടെത്തിയത്. തുടര്‍ന്ന് പണം അടിയന്തരമായി തിരിച്ചുപിടിക്കാൻ ബാങ്കിന് കളക്ടര്‍ നിര്‍ദേശം നല്‍കി. പണം തിരിച്ചുപിടിച്ചെങ്കിലും ക്രമക്കേടിൽ ഇതുവരെ അന്വേഷണം ഉണ്ടായില്ല.


അതേസമയം പ്രളയ സഹായത്തിന് താൻ അപേക്ഷിച്ചിട്ടില്ലെന്നും എങ്ങനെയാണ് പണം എത്തിയതെന്ന് അറിയില്ലെന്നുമാണ് അൻവർ പാർട്ടിയെ അറിയിച്ചത്. ഒന്നുമറിയാതെ എങ്ങിനെയാണ് നിക്ഷേപിക്കപ്പെട്ട തുകയിലെ പാതി അന്‍വര്‍ പിന്‍വലിച്ചത് എന്ന ചോദ്യം ഉയരുകയാണ്. പ്രളയത്തിൽ വീട് പൂർണ്ണമായും തക‌ർന്നവ‌ർക്ക് പോലും നാല് ലക്ഷം രൂപ പരമാവധി അനുവദിക്കാൻ മാത്രം നിർദ്ദേശമുള്ളപ്പോഴാണ് സിപിഎം നേതാവിന് പത്തരലക്ഷം രൂപ കിട്ടിയത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K