24 February, 2020 10:35:48 PM
വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം; എആര്‍ ക്യാമ്പിലെ പൊലീസുകാരനെതിരെ അന്വേഷണം
കോഴിക്കോട്: പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ് നാളെ എറണാകുളത്ത് നടത്താനിരിക്കെ കോഴിക്കോട് ഇരുപതോളം വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്ത സംഭവത്തില്‍ പൊലീസുകാരനെതിരെ നടപടിക്ക് സാധ്യത. എ ആര്‍ ക്യാമ്പിലെ രഞ്ജീഷാണ് കമ്മീഷണര്‍ ഓഫീസിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്തതെന്ന് സ്ഥിരീകരിച്ചു.
പൊലീസ് അസോസിയേഷനിലെ യുഡിഎഫ് അനുകൂല നേതാവായ രഞ്ജീഷിനെതിരെ നിയമസഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റല്‍ ബാലറ്റ് വോട്ട് തിരിമറിയുമായി ബന്ധപ്പെട്ട് ചേവായൂര്‍ പൊലീസ് കേസെടുത്തിരുന്നു. എറണാകുളത്ത് സംഘത്തിന്‍റെ ഓഫീസില്‍പോയി ഒപ്പിട്ടാണ് തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈപ്പറ്റേണ്ടത്. കമ്മീഷണര്‍ ഓഫീസിലെ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ ആരുംതന്നെ സഹകരണ സംഘം ഓഫീസില്‍ പോയിരുന്നില്ല. ഇത് മനസ്സിലാക്കിയാണ് യുഡിഎഫ് അനുകൂല പൊലീസ് സംഘടനയിലെ ചിലര്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്തതെന്ന് എതിര്‍ഭാഗം ആരോപിച്ചു.
തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ക്കണ്ട് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് എല്‍ഡിഎഫ് അനുകൂല സംഘടനയിലുള്ളവരെന്ന് യുഡിഎഫ് അനുകൂല സംഘടനാഭാരവാഹികള്‍ പറഞ്ഞു. അതേസമയം വിശദമായ മൊഴി രേഖപ്പെടുത്തിയശേഷമാകും രഞ്ജീഷിനെതിരെ നടപടിയുണ്ടാകുകയെന്നാണ് അറിയുന്നത്. രഞ്ജീഷ് നിലവില്‍ മെഡിക്കല്‍ ലീവിലാണ്. 7067 പൊലീസ് സഹകരണ സംഘം ഓണററി സെക്രട്ടറിയായിരുന്ന അബ്ദുള്ള കോയ ഒപ്പിട്ട് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുകളില്‍ 5000ത്തോളം വ്യാജമാണെന്ന് സഹകരണ വകുപ്പിന്‍റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.