17 February, 2020 10:13:14 PM
അന്താരാഷ്ടതലത്തില്‍ വിപണനം ചെയ്യുന്ന മയക്കുമരുന്ന് സൂക്ഷിച്ചത് സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സില്‍
പിറവം: അന്താരാഷ്ട്ര മാർക്കറ്റിൽ ലക്ഷക്കണക്കിന് രൂപാ വില വരുന്ന ന്യൂജനറേഷൻ മയക്ക് മരുന്ന് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്നത് സർക്കാർ മൃഗാശുപത്രിയിലെ ക്വാർട്ടേഴ്‌സിൽ. എംഡിഎംഎ എന്ന വന്‍മയക്കുമരുന്നാണ് എടക്കാട്ടുവയൽ മൃഗാശുപത്രിയിലെ ക്വാർട്ടേഴ്‌സിൽ നിന്നും പോലീസ് കണ്ടെടുത്തത്. അന്താരാഷ്ട്രതലത്തില്‍ മയക്കുമരുന്ന് വിപണനം നടത്തിവരുന്ന സംഘത്തിലെ പ്രധാന കണ്ണിയും കൂട്ടാളികളും പോലീസ് പിടിയിലുമായി.
സംഘത്തിലെ പ്രധാന കണ്ണി പട്ടിമറ്റം കുമ്മനോട് പാറക്കാടൻ വീട്ടില്‍ അനസ് പി.ഇ (30), ഇയാളുടെ കൂട്ടാളികളാ യ തൈക്കാട്ട്കര കുന്നത്തേരി മീന്തറയ്ക്കൽ മുഹമ്മദ് മുഷ്താഖ് (22), വെങ്ങോല അല്ലപ്ര പതയഞ്ചേരി വീട്ടിൽ ദിലീപ് കുമാർ (34), പട്ടിമറ്റം കുമ്മനോട് നെടുവേലിൽ വീട്ടിൽ അനൂപ് ചന്ദ്രൻ (24), പട്ടിമറ്റം കുമ്മനോട് തുരുത്തുംമാലിൽ ബിനു പൗലോസ് (34) എന്നിവരെയാണ് പിറവം പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തില്‍ മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
ഡ്രൈവറായ അനസ് ബാംഗ്ലൂരിൽ വെച്ച് പരിചയപ്പെട്ട മലയാളികളിലുടെ സൗത്താഫ്രിക്കൻ പൗരൻമാരുമായി ബന്ധം സ്ഥാപിക്കുകയും എംഡിഎംഎയുടെ വിപണനത്തിലേക്ക് തിരിയുകയുമായിരുന്നു. വിമാനമാർഗമാണ് വിദേശത്തുനിന്നും മയക്കുമരുന്ന് ബാംഗ്ലൂരിലെത്തിക്കുന്നത്. സാധനം കൈപ്പറ്റുന്നതിനു മുൻപായി വിതരണക്കാരിൽ നിന്നും പണം വാങ്ങി വിദേശികളുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കും. ഇങ്ങനെ ലഭിക്കുന്ന മയക്ക് മരുന്ന് രാത്രികാലങ്ങളിലെ ലോ ഫ്ലോർ ബസ് മാർഗം കേരളത്തിൽ എത്തിക്കുകയാണ് പതിവ്. ഗ്രാമിന് ആയിരങ്ങളും പതിനായിരങ്ങളും വാങ്ങിയാണ് ഇവർ എംഡിഎംഎ ചില്ലറയായും അല്ലാതെയും വില്പന നടത്തിയിരുന്നത്.
ആവശ്യക്കാർ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുമ്പോൾ അവർക്ക് സാധനം എത്തിച്ച് കൊടുക്കുന്നതായിരുന്നു ഇവരുടെ വില്പന രീതി മുളന്തുരുത്തി സാൻ സാഫ് ടീം അംഗമായ പോലീസ് ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് പാർട്ടി മൃഗാശുപത്രി ക്വാർട്ടേഴ്സ് റെയ്ഡ് ചെയ്താണ് എംഡിഎംഎ കണ്ടെത്തിയത്. ബാംഗ്ലൂർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് പോലീസ്. വെള്ളത്തിലും, ജൂസിലും കലർത്തി കുടിക്കുക, നോട്ടിൽ ക്രിസ്റ്റൽ പരുവത്തിലുള്ള തരികൾ വച്ച് പൊടിച്ച് നോട്ട് മടക്കി ചെറിയ കുഴലാക്കി പൊടി മൂക്കിലൂടെ വലിക്കുക, ചെറിയ ഗ്ലാസ് കഷണത്തിൽ വച്ച് ചൂടാക്കി പുകവലിക്കുക എന്നിങ്ങനെയാണ് ഉപയോഗരീതികൾ.
ജില്ലാ പോലിസ് മേധാവി കാർത്തികിന്‍റെ നിർദ്ദേശപ്രകാരം മുവാറ്റുപുഴ ഡിവൈെസ്പി അനിൽകുമാർ, പിറവം പോലീസ് ഇൻസ്പെക്ടർ സി.വി. ലൈജുമോന്‍, മുളന്തുരുത്തി പോലീസ് സബ് ഇൻസ്പെക്ടർ എബി എം.പി എന്നിവര്‍ ഉൾപ്പെട്ട സംഘമാണ് മയക്കുമരുന്ന് വിതരണക്കാരും ഉപഭോക്താക്കളുമായ പ്രതികളെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ എസ്ഐമാരായ വിനോദ്, രാജു, വിജയൻ ഇ.പി., എഎസ്ഐമാരായ കൃഷ്ണകുമാർ, രാജേഷ്, ബിജു സ്കറിയ, സാജു, സുനിൽ സാമുവൽ, ജിജോമോൻ തോമസ്, അനിൽകുമാർ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കുര്യാക്കോസ്, ജോസ് കെ ഫിലിപ്പ്, കാർത്യായനി, സുഭാഷ് എന്നിവരും ഉണ്ടായിരുന്നു.