17 February, 2020 04:33:32 PM


ഹോട്ടലുകളിലെ അടുക്കളയില്‍ സിസിടിവി സ്ഥാപിക്കണം; നിർദേശവുമായി പൊലീസ്



കോഴിക്കോട്: നഗരത്തിലെ ഹോട്ടലുകളിൽ വൃത്തിഹീനമായ രീതിയിൽ ഭക്ഷണം പാകം ചെയ്യുന്നത് തടയാൻ പുതിയ നീക്കവുമായി പൊലീസ്. ഹോട്ടലുകളിലെ അടുക്കളയിൽ സിസിടിവികള്‍ സ്ഥാപിച്ച് ദൃശ്യങ്ങൾ ഉപഭോക്താക്കൾക്ക് കാണുവാൻ കഴിയും വിധം സുതാര്യമാക്കണമെന്നാണ് പൊലീസ് നിര്‍ദ്ദേശം. ആവശ്യം ഉന്നയിച്ച് സിറ്റി പൊലീസ് കമ്മീഷണര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് കത്തു നല്‍കി.


പല ഹോട്ടലുകളിലേയും പാചകപ്പുരകൾ വൃത്തിഹീനമാണെന്ന് കണ്ടെത്തിയതിനാലും, ഇതര സംസ്ഥാന തൊഴിലാളികളില്‍ രോഗാണുവാഹകര്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് ലഭിച്ചതിനാലുമാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് കമ്മീഷണർ എ.വി. ജോർജ് പറഞ്ഞു. നഗരത്തിലെ ചില ഹോട്ടലുകള്‍ പൂര്‍ണ്ണമായും സിസിടിവി നിരീക്ഷണത്തിലാണെങ്കിലും ഭൂരിഭാഗം ഹോട്ടലുകളുടെയും സ്ഥിതി മറിച്ചാണ്. പൊലീസ് നിര്‍ദ്ദേശം ഹോട്ടല്‍ ഉടമകളുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കാനാണ് കോർപ്പറേഷൻ തീരുമാനം.


അടുത്ത ദിവസം ഹോട്ടൽ ഉടമകളുടെ യോഗം വിളിച്ച് ചേർക്കുമെന്ന് കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാന്‍സിസ് അറിയിച്ചു. നഗരത്തിലെ ഹോട്ടലുകളില്‍ ജോലി നോക്കുന്നതില്‍ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളാണ്. മതിയായ തിരിച്ചറിയല്‍ രേഖപോലും ഇല്ലാതെയാണ് ഇവരെ ജോലിക്കെടുത്തിരിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് നടപടികള്‍ കര്‍ശനമാക്കുവാനുള്ള പൊലീസ് നിര്‍ദ്ദേശം



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K