04 February, 2020 10:32:22 PM


മയക്കുമരുന്നിന് അടിമകളായ പെണ്‍കുട്ടികളുടെ കുത്തേറ്റ് സഹോദരന്മാര്‍ക്ക് പരിക്ക്



കൊച്ചി : ലഹരിമരുന്നിനടിമകളായ പെണ്‍കുട്ടികള്‍ അടങ്ങുന്ന സംഘം ഗൃഹനാഥനെയും സഹോദരനെയും കുത്തി മുറിവേല്‍പ്പിച്ചു. കൊച്ചി ഹൈക്കോടതി പരിസരത്ത് പഴയ റയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. പ്രദേശവാസികളായ നൌഷാദിനെയും സഹോദരന്‍ ഹാഷിമിനെയുണ് രണ്ട് പെണ്‍കുട്ടികളടങ്ങിയ സംഘം കുത്തി മാരകമായി മുറിവേല്‍പ്പിച്ചത്.


കുടിവെള്ളപൈപ്പിന് ചുവട്ടില്‍ മൂത്രം ഒഴിക്കുന്നത് നൌഷാദ് തടഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. ബഹളം കേട്ട് എത്തിയ ഹാഷിം ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കവെ അഞ്ചംഗസംഘത്തിലെ രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും ചേര്‍ന്ന് തങ്ങളെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് നൌഷാദ് പറയുന്നു. സംഘത്തിലെ ഒരാള്‍ മയക്കുമരുന്ന് കേസിലെ പ്രതിയാണെന്നും ഈ പെണ്‍കുട്ടികള്‍ മദ്യപിക്കുന്നതും കഞ്ചാവ് വലിക്കുന്നതും ടിക്ടോക് ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ വൈറലാണെന്നും നൌഷാദ് പറയുന്നു.


ശബ്ദം കേട്ട് വീടിന് പുറത്തെത്തിയ ഹാഷിമിന്‍റെ ഭാര്യ ജാസ്മിന്‍ ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ അസഭ്യവര്‍ഷമായിരുന്നുവത്രേ. പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞിരുന്നുവെങ്കിലും ഇവരുടെ രക്ഷകര്‍ത്താക്കളോടൊപ്പം പറഞ്ഞുവിടുകയായിരുന്നവെന്ന് ജാസ്മിന്‍ പറയുന്നു. സംഭവം വിവാദമായതോടെ സമീപവാസിയായ കുട്ടി ഒഴികെ നാല് പേരും ഒളിവില്‍ പോയിരിക്കുകയാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K