01 February, 2020 04:04:19 PM
വായന അഭിനിവേശമാവണം, വായിക്കുന്നതൊന്നും വെറുതെ ആവില്ല : ജസ്റ്റിസ് ജോസഫ്
കൊച്ചി: വായന ഒഴിവാക്കരുതെന്നും അതിനായി ലൈബ്രറികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കെ എം ജോസഫ്. ഇന്നത്തെ ആധുനിക കാലത്തു ലാപ് ടോപ്പിലും മൊബൈൽ ഫോണിലുമൊക്കെ തൊട്ടാൽ വിവരങ്ങൾ കിട്ടുമെങ്കിലും ലൈബ്രറികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പുതിയ അഭിഭാഷകരെ അദ്ദേഹം ഉപദേശിച്ചു. ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ ബിരുദദാന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. വായന ഒരു സ്വഭാവമാക്കണമെന്നു ഞാൻ പറയും. സ്വന്തം കേസിന്റെ കാര്യങ്ങൾ മാത്രമല്ല, അതിനപ്പുറവും വായിക്കണം. വായനയോട് ഒരു അഭിനിവേശം വേണം. വായിക്കുന്നതൊന്നും വെറുതെയാവുകയില്ല , എനിക്കുറപ്പുണ്ട് , ജസ്റ്റിസ് ജോസഫ് അഭിപ്രായപ്പെട്ടു.
ഹൈക്കോടതി ചീഫ് ജസ്റ്റിസും നുവാൽസ് ചാൻസലറുമായ ജസ്റ്റിസ് എസ് മണികുമാർ ആധ്യക്ഷ്യം വഹിക്കുകയും ബിരുദദാനം നിർവഹിക്കുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസ മന്ത്രിയും നുവാൽസ് പ്രൊ ചാൻസലറുമായ ഡോ കെ ടി ജലീൽ പ്രത്യേക പ്രഭാഷണം നടത്തി. വൈസ് ചാൻസലർ ഡോ കെ സി സണ്ണി സ്വാഗതം പറഞ്ഞു. എൽ എൽ ബി ക്കു ഒന്നാം റാങ്ക് നേടിയ ഷീന ഫാത്തിമ , രണ്ടാം റാങ്ക് നേടിയ ശാരിക ആർ , എൽ എൽ എം ഒന്നാം റാങ്ക് നേടിയ അരവിന്ദ് രാജഗോപാൽ എന്നിവർക്ക് മെഡലുകൾ നൽകി. യു എസ്സിലെ ഫ്ലോറിഡയിൽ നടന്ന പരിസ്ഥിതി സംബന്ധമായ മുട്ട് കോർട്ട് മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ നുവാൽസിലെ വിദ്യാർഥികളായ നികിത സൂസൻ പോൾസൺ , ലിജിൻ വർഗീസ് , സംയുക്ത രാമസ്വാമി എന്നിവർക്കും എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാന പ്രകാരമുള്ള പ്രോത്സാഹന സമ്മാനങ്ങൾ നൽകി.
ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനിൽ നരേന്ദ്രൻ , അഡ്വക്കേറ്റ് ജനറൽ സി പി സുധാകർ പ്രസാദ്, സുപ്രീം കോടതി മുൻ ജഡ്ജി കെ എസ് രാധാകൃഷ്ണൻ, ബാർ കൌൺസിൽ ചെയർമാൻ ഇ ഷാനവാസ് ഖാൻ , മുതിർന്ന അഭിഭാഷകൻ ടി പി ഇബ്രാഹിം ഖാൻ തുടങ്ങിയവർ ചടങ്ങിനു ഹാജരായിരുന്നു .