28 January, 2020 03:43:07 PM
കിണറ്റില്‍ വീണ കുഞ്ഞിനെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്തുചാടി അയല്‍വാസി വീട്ടമ്മ
കോതമംഗലം : വീട്ടുമുറ്റത്തെ കിണറ്റിൽ വീണ കുരുന്നിനു അയൽവാസിയായ വീട്ടമ്മയുടെ ധൈര്യം തുണയായി. ഉരുളൻതണ്ണിയിൽ പാലയ്ക്കു കിഷോറിന്റെ ഒന്നര വയസ്സുള്ള കുട്ടി ഗൗരിനന്ദയാണു കിണറ്റിൽ വീണത്. മുത്തശ്ശിയോടൊപ്പം കളിച്ച് കൊണ്ടിരുന്ന കുട്ടി ആൾമറയില്ലാത്ത കിണറ്റിൽ വീഴുകയായിരുന്നു. കിഷോറിന്റെ അമ്മ അലറിക്കരയുന്നതു കോട്ട് അയൽക്കാർ ഓടിയെത്തിയെങ്കിലും 20 അടിയോളം താഴ്ചയുള്ള കിണറിൽ ഇറങ്ങാൻ ആർക്കും ധൈര്യമുണ്ടായില്ല.
എന്തു ചെയ്യണമെന്നറിയാതെ എല്ലാവരും അമ്പരന്ന് നിൽക്കുന്ന സാഹചര്യത്തിലാണ് അയൽവാസിയായ പുത്തൻപുരയ്ക്കൽ കുര്യന്റെ ഭാര്യ ഷീല ജീവൻ പോലും വകവയ്ക്കാതെ കിണറ്റിലേക്ക് ചാടിയത്. കുഞ്ഞിനെ വെള്ളത്തിൽ നിന്ന് ഉയർത്തി പിടിച്ച് മോട്ടറിന്റെ വള്ളിയിൽ പിടിച്ചുകിടന്ന ഷീലയേയും കുഞ്ഞിനേയും പിന്നീട് കിണറ്റിൽ ഇറങ്ങിയ വെട്ടിത്തറ ബിജുവും നാട്ടുകാരും ചേർന്നാണു കരകയറ്റിയത്.
കിണറിന് മുകളിൽ വിരിച്ചിരുന്ന വലയിൽ കുരുങ്ങിയാണ് കുട്ടി കിണറിൽ വീണതിനാൽ മറ്റ് പരുക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു. 5 അടിയിലേറെ വെള്ളമുണ്ടായിരുന്നു കിണറ്റിൽ. കരയ്ക്ക് എത്തിച്ച കുട്ടിയെ പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം കോതമംഗലത്തെ ആശൂപത്രിയിൽ എത്തിച്ചു ചികിത്സ തേടി. സ്വന്തം ജീവൻ പോലും വയ്ക്കാതെ കിണറ്റിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ഷീലയെ നാട്ടുകാർ അനുമോദിച്ചു