21 January, 2020 04:51:15 PM


കുട്ടികൾ റെയിൽപ്പാളം മുറിച്ചു കടക്കുന്ന വീഡിയോ: റെയിൽവേ വഴിയടച്ചു; വീഡിയോ എടുത്തയാൾക്കെതിരെ നടപടി





കാഞ്ഞങ്ങാട് : കുട്ടികൾ റെയിൽപ്പാളം മുറിച്ചുകടക്കുന്ന വീഡിയോ സമൂഹമാധ്യമത്തിൽ വൈറലായതോടെ റെയിൽവേ വഴി അടച്ചു. കാഞ്ഞങ്ങാട് അജാനൂർ ഗവ. എൽ.പി. സ്കൂളിന് മുന്നിലെ വഴിയാണ് റെയിൽവേ അടച്ചത്. പാലക്കാട് ഡിവിഷണൽ മാനേജർ പ്രസാദ്പിങ്ക് ഷമിയുടെ നിർദേശപ്രകാരം റെയിൽവേ എൻജിനീയറിങ് വിഭാഗക്കാരെത്തി ട്രാക്കിന്റെ ഇരുഭാഗത്തും കമ്പിവേലി സ്ഥാപിക്കുകയാണുണ്ടായത്. ഏതാനും ദിവസം മുൻപാണ് സ്കൂൾ ബസ് ഡ്രൈവർ കൂടിയായ കൊളവയൽ സ്വദേശി സി.എച്ച്.ബഷീർ കുട്ടികൾ റെയിൽപ്പാളം മുറിച്ചുകടക്കുന്നത് വീഡിയോയിൽ പകർത്തിയത്. 


ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെയും പ്രീ പ്രൈമറിയിലെയും ഉൾപ്പെടെ 240 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇതിൽ 160-ലധികം കുട്ടികളും പാളം മുറിച്ചുകടക്കുകയാണ് പതിവ്. കുട്ടികളെ പാളം മുറിച്ചു കടത്തിക്കാൻ ഓരോ ദിവസവും രണ്ട് അധ്യാപകരെ ചുമതലപ്പെടുത്തും. അന്ന് വീഡിയോ പകർത്തുമ്പോൾ പാടില്ലെന്നു പറഞ്ഞത് ബഷീർ ചെവിക്കൊണ്ടില്ലെന്നും ഇതോടെ ടീച്ചർമാർ മാറിനിൽക്കുകയാണുണ്ടായതെന്നും പ്രഥമാധ്യാപകൻ എ.ജി.ഷംസുദീൻ പറഞ്ഞു. മുതിർന്നവർ ആരും ഇല്ലാത്ത വീഡിയോ പകർത്തി സ്കൂളിനെ അപമാനിക്കുകയാണ് ഇയാൾ ചെയ്തതെന്ന് പ്രഥമാധ്യാപകനും മറ്റു പി.ടി.എ. അംഗങ്ങളും കുറ്റപ്പെടുത്തി.


വീഡിയോ വൈറലായതോടെ വിദ്യാഭ്യാസ മന്ത്രി ഇടപെട്ടു. ഇതു സംബന്ധിച്ച് ബേക്കൽ എ.ഇ.ഒ. കെ.ശ്രീധരൻ അന്വേഷണം നടത്തി. റെയിൽവേ വഴി അടച്ചതോടെ കുട്ടികൾ ആറു കിലോമീറ്റർ ചുറ്റിയാണ് തിങ്കളാഴ്ച വൈകീട്ട് വീട്ടിലേക്കു മടങ്ങിയത്. ഭീതിതമായ അവസ്ഥയിൽ കുട്ടികൾ റെയിൽപ്പാളം മുറിച്ചു കടക്കുന്ന സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഹൊസ്ദുർഗ് ലീഗൽ സർവീസസ് ചെയർമാനും സബ്ജഡ്ജുമായ കെ.വിദ്യാധരൻ അജാനൂർ സ്കൂളിലെത്തി തെളിവെടുത്തു. ചൈൽഡ് ലൈൻ അധികാരികളും സ്കൂളിലെത്തി അന്വേഷണം നടത്തി.


വീഡിയോ പകർത്തിയ സ്കൂൾ ഡ്രൈവർ സി.എച്ച്.ബഷീറിനെ സസ്പെൻഡ് ചെയ്തതായി അജാനൂർ സ്കൂൾ പ്രഥമാധ്യാപകൻ അറിയിച്ചു. കുട്ടികൾ റെയിൽപ്പാളം മുറിച്ചുകടക്കുന്ന കാഴ്ച വീഡിയോയിൽ പകർത്തുകയും അത് സ്കൂളിനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ പ്രചരിപ്പിച്ചുവെന്നുമാണ് ഇയാൾക്കെതിരേ ചേർത്തിട്ടുള്ള കുറ്റം. ഇതുസംബന്ധിച്ച് നിയമനടപടിക്കൊരുങ്ങാൻ വിദ്യാഭ്യാസവകുപ്പ് നീക്കങ്ങൾ തുടങ്ങി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K