16 January, 2020 06:47:49 PM
ബേപ്പൂരില്‍ നിന്നും ലക്ഷദ്വീപിലേക്ക് പോയ ഉരു കടലിൽ മുങ്ങി; തൊഴിലാളികളെ രക്ഷപ്പെടുത്തി
കോഴിക്കോട്: ബേപ്പൂർ തുറമുഖത്തു നിന്നു ലക്ഷദ്വീപിലേക്കു ചരക്കുകളുമായി പുറപ്പെട്ട ഉരു ആന്ത്രോത്ത് ദ്വീപിനു സമീപം ആഴക്കടലിൽ മുങ്ങി. ഉരുവിലെ ചെറിയ തോണിയിൽ തുഴഞ്ഞു രക്ഷപ്പെടുകയായിരുന്ന 6 തൊഴിലാളികളെയും അതുവഴി വന്ന മറ്റൊരു ഉരുവിലെ ആളുകള്‍ രക്ഷപെടുത്തി സുരക്ഷിതമായി തീരത്ത് എത്തിച്ചു. 15നു ഉച്ചയ്ക്ക് ബേപ്പൂരിൽനിന്നു കവരത്തി ദ്വീപിലേക്കു പുറപ്പെട്ട എംഎസ്‌വി ഷാലോം എന്ന ഉരുവാണ് ആന്ത്രോത്ത് ദ്വീപിനു 40 നോട്ടിക്കൽ മൈൽ അകലെ വ്യാഴാഴ്ച പുലർച്ചെ 5.30 മുങ്ങിയത്.
വെള്ളം കയറുന്നതു കണ്ടു തോണിയിൽ (ഡിങ്കി) കയറിയ തൊഴിലാളികളെ ഗ്രെയ്സ് എന്ന ഉരുവിലെ ആളുകളാണ് രക്ഷിച്ചത്. തമിഴ്നാട് തൂത്തുക്കുടി രായർപുരം ഗോപാൽ സ്ട്രീറ്റ് സ്വദേശികളായ മിൽട്ടൺ (49), വെസെന്തി (60), മുരുകൻ (43), എൻ.എ.പി.ഹെൻറി (61), ജെ.മരിയ നാവിസ് (54), എ.ജെ.എസ്.ചോന്തവബോസ് (27) എന്നിവരെ ഉച്ചയോടെ ആന്ത്രോത്ത് പോർട്ട് അസിസ്റ്റന്‍റ് ഓഫിസിൽ എത്തിച്ചു. കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ മൊഴിയെടുത്ത ശേഷം വിവരം സബ് ഡിവിഷനൽ ഓഫിസറെ അറിയിച്ചു. നാട്ടിലേക്ക് എത്തിക്കുന്നതിനു ശ്രമം തുടങ്ങി.