11 January, 2020 01:06:34 PM
ഗതാഗത നിയന്ത്രണം നീണ്ടുപോയി ; പെരുവഴിയില്‍ കുടുങ്ങിയത് നൂറുകണക്കിന് പേര്‍
കൊച്ചി : ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കിയതിന് പിന്നാലെ ഗതാഗത സംവിധാനങ്ങള്‍ പഴയപടിയിലാക്കുന്നത് വൈകുന്നു. കുണ്ടന്നൂര്‍- തേവരപ്പാലത്തില്‍ ഗതഗാതം തുറന്നുകൊടുക്കാത്തതില്‍ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഫ്ളാറ്റ് പൊളിച്ചതിന്റെ പൊടിപടലങ്ങള്‍ ഒഴിവാക്കുന്നതിലുണ്ടാകുന്ന കാലതാമസം കാരണമാണ് ഗതാഗതം പുനസ്ഥാപിക്കാന്‍ വൈകുന്നതെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി.
ഫയര്‍ഫോഴ്സും സാങ്കേതിക വിദഗ്ധരും ചേര്‍ന്ന് പരിശോധനകള്‍ നടത്തുകയാണ്, പരിശോധന കഴിഞ്ഞാല്‍ മാത്രമേ ഗതാഗതം പൂര്‍ണമായി തുറന്നുകൊടുക്കാന്‍ സാധിക്കുള്ളുവെന്നി് അധികൃതര്‍ വ്യക്തമാക്കി.ആദ്യം പൊളിച്ചത് എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്ളാറ്റാണ്. രാവിലെ 11.17നാണ് ഹോളി ഫെയ്ത്തില്‍ സ്ഫോടനം നടത്തിയത്. പതിനൊന്നു മണിക്കു നിശ്ചയിച്ചിരുന്ന സ്ഫോടനം, പ്രദേശത്ത് നിരീക്ഷണം നടത്തിയിരുന്ന നേവി ഹെലികോപ്റ്റര്‍ മടങ്ങാന്‍ വൈകിയതിനാല്‍ ഏതാനും നിമിഷങ്ങള്‍ താമസിക്കുകയായിരുന്നു.
ആദ്യ സ്ഫോടനം നടന്നതോടെ തന്നെ മേഖല പൊടിപടലങ്ങളില്‍ മുങ്ങി. പൊടി അടങ്ങിയതിനു പിന്നാലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. നിശ്ചയിച്ചുറപ്പിച്ചുപോലെ എല്ലാം നടന്നതായി ഉറപ്പുവരുത്തിയ ശേഷം രണ്ടാമത്തെ ഫല്‍റ്റ് പൊളിക്കുന്നതിന് അനുമതി നല്‍കുകയായിരുന്നു. തുടര്‍ന്നായിരുന്നു 11.44ന് ആല്‍ഫ സെറീന്റെ രണ്ടു ടവറുകള്‍ തകര്‍ത്തത്. ഇതോടെ ഇന്നത്തെ പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തിയായി.
സ്ഫോടനം നടത്തുന്നതിനു മുന്നോടിയായി ഉദ്യോഗസ്ഥര്‍ അവസാന വട്ട പരിശോധനകള്‍ നടത്തിയിരുന്നു. ഇരുന്നൂറു മീറ്റര്‍ ചുറ്റളവില്‍ വീടുകളില്‍ ആരും ഇല്ലെന്നു ഉറപ്പുവരുത്തി. ഈ മേഖലയിലെ റോഡുകളും ഇടവഴികളും പൂര്‍ണമായും അടച്ചു.മുന്നറിയിപ്പു നല്‍കിക്കൊണ്ടുള്ള ആദ്യ സൈറണ്‍ 10.30ന് തന്നെ നല്‍കി. രണ്ടാം സൈറണ്‍ 10.55നാണ് തീരുമാനിച്ചിരുന്നെങ്കിലും ഇത് 11.10നാണ് നല്‍കാനായത്. രണ്ടാം സൈറണ്‍ മുഴങ്ങിയതോടെ ദേശീയപാതയിലെ ഗതാഗതം നിര്‍ത്തിവച്ചു.