10 January, 2020 10:29:16 PM
മരട് ഫ്‌ളാറ്റുകൾ നിലംപൊത്താൻ ഏതാനും മണിക്കൂറുകൾ ബാക്കി; പ്രദേശത്ത് നിരോധനാജ്ഞ
കൊച്ചി: മരട് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ എസ്. സുഹാസാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ശനിയാഴ്ച രാവിലെ എട്ട് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് നിരോധനാജ്ഞ. കായല്‍ പ്രദേശത്തും നിരോധനാജ്ഞ ബാധകമാണ്.
അനധികൃതമായി ഡ്രോണുകള്‍ പ്രവേശിക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡ്രോണുകള്‍ പ്രദേശത്തേക്ക് പറത്തിയാല്‍ വെടിവച്ചിടുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാക്കറെ വ്യക്തമാക്കി. ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായുള്ള മോക് ഡ്രില്‍ ഇന്ന് പൂര്‍ത്തിയായിരുന്നു. ആദ്യം പൊളിക്കുന്ന എച്ച്ടുഒ ഫ്‌ളാറ്റിലെ മോക് ഡ്രില്‍ നടപടികളാണ് പൂര്‍ത്തിയായത്. മോക് ഡ്രില്‍ വിജയകരമായിരുന്നുവെന്ന് ഐ.ജി വിജയ് സാക്കറെ അറിയിച്ചു.
സുരക്ഷാ ക്രമീകരണങ്ങളില്‍ ശ്രദ്ധയില്‍പ്പെട്ട പോരായ്മകള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശം നല്‍കി. പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളുടെ വിലയിരുത്തലും പൂര്‍ത്തിയായി. ഇതിന് ശേഷമാണ് മോക് ഡ്രില്‍ നടത്തിയത്. എറണാകുളം ജില്ലാ കലക്ടര്‍ സുഹാസ്, കൊച്ചി സിറ്റി പോലീസ് കമ്മീഷണറും ഐ.ജിയുമായ വിജയ് സാക്കറെ, ഫോര്‍ട്ട് കൊച്ചി സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് എന്നിവരടങ്ങുന്ന ഉന്നതോദ്യോഗസ്ഥരെല്ലാം മരട് നഗര സഭയിലെ കണ്‍ട്രോള്‍ റൂമിൽ എത്തിയിരുന്നു.