05 January, 2020 08:06:08 PM
ഫ്ളാറ്റ് പൊളിക്കൽ: സമയക്രമത്തിൽ മാറ്റമില്ല; മരടിൽ 11ന് നിരോധനാജ്ഞ
കൊച്ചി: മരടിലെ ഫ്ളാറ്റുകൾ പൊളിക്കുന്നതിന്റെ സമയക്രമത്തിൽ മാറ്റമില്ല. മുൻ നിശ്ചയിച്ച പ്രകാരം ജനവാസ മേഖലയിൽ സ്ഥിതിചെയ്യുന്ന ആൽഫ സെറീൻ സമുച്ചയം ആദ്യം പൊളിക്കും. ഇന്നലെ രാത്രി കളക്ടറുടെ നേതൃത്വത്തിൽ എറണാകുളം ഗസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊണ്ടത്. പൊളിക്കൽ ക്രമത്തിൽ വ്യക്തത വന്ന സാഹചര്യത്തിൽ പ്രദേശത്ത് സ്വീകരിക്കേണ്ട മുൻകരുതലുകളെപ്പറ്റിയും യോഗം ചർച്ച ചെയ്തു.
11ന് സ്ഫോടനം നടക്കുന്ന ആൽഫ സെറീൻ സമുച്ചയത്തിന്റെ സമീപം 200 മീറ്റർ പരിധിയിൽ താമസിക്കുന്ന ജനങ്ങളെ സ്ഫോടന സമയത്തിനു മൂന്നു മണിക്കൂർ മുമ്പ് മാറ്റി താമസിപ്പിക്കും. പ്രായമായവരെ മാറ്റുന്നതിനായി പാലിയേറ്റീവ് കെയറുകളുടെ സേവനവും ആംബുലൻസ് സർവീസും ഒരുക്കിയിട്ടുണ്ട്. മെഡിക്കൽ സേവനം ആവശ്യമായി വരുന്നവർക്കും അതിനായുള്ള ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്. പരിസരവാസികൾക്ക് ഇതു സംബന്ധിച്ച് ബോധവത്കരണ ക്ലാസ് സബ് കളക്ടറുടെ നേതൃത്തിൽ ഇന്നു നടക്കും. പൊളിക്കലിനു മുമ്പ് മൂന്നു മുന്നറിയിപ്പ് സിഗ്നലുകളും പൊളിക്കൽ നടപടികൾക്കു ശേഷം ഒരു സിഗ്നലും നല്കും.
സ്ഫോടനം നടക്കുന്ന അന്നു രാവിലെ ഒമ്പതിന് മുമ്പ് പ്രദേശത്തെ ജനങ്ങളെ പ്രത്യേകം വാഹനത്തിൽ രണ്ടു കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനു യോഗത്തിൽ തീരുമാനമായി. തേവര എസ്എച്ച് കോളജ്, പനങ്ങാട് ഫിഷറീസ് കോളജ് എന്നിവിടങ്ങളിലേക്കായിരിക്കും ഇവരെ മാറ്റുക. പൊളിക്കൽ നടപടികൾ പൂർത്തിയായി നാലു മണിക്കൂറിനു ശേഷം ഇവരെ തിരികെ എത്തിക്കുന്ന തരത്തിലാണ് ഇപ്പോൾ ക്രമീകരണങ്ങൾ ചെയ്തിട്ടുള്ളത്. ഗതാഗത തടസം ഒഴിവാക്കുന്നതിനായി കെട്ടിടം നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്നതിന് മിനിറ്റുകൾക്ക് മുന്പ് മാത്രമാകും ഗതഗത ക്രമീകരണം നടത്തുകയെന്നും കളക്ടർ പറഞ്ഞു.