05 January, 2020 06:00:45 PM


എൻആർസി ആശങ്ക കേരളത്തിലും: ജനന സർട്ടിഫിക്കറ്റ് അപേക്ഷകരുടെ എണ്ണത്തിൽ വൻ വർധനവ്



കോഴിക്കോട്: എന്‍ ആര്‍ സി നടപ്പാക്കുമെന്ന കേന്ദ്ര ആഭ്യന്തര അമിത് ഷാ യുടെ പ്ര്യഖ്യാപനത്തിന് ശേഷം  തദ്ദേശസ്ഥാപനങ്ങളില്‍ ജനനസര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്.  എൻ ആർ സി നടപ്പാക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത ഇല്ലെങ്കിലും കോഴിക്കോട് കോര്‍പ്പറേഷനിൽ  1970ന് മുന്‍പുള്ള ജനനരേഖകള്‍ക്കായി ഡിസംബര്‍ മാസത്തില്‍ മാത്രം 47 അപേക്ഷകരെത്തി. നേരത്തെ നാലോ അഞ്ചോ പേര്‍ മാത്രം എത്തിയ സ്ഥലത്താണ് അപേക്ഷകരുടെ എണ്ണത്തിലെ കുതിച്ചുചാട്ടം.


എൻ ആർ സിയുമായി ബന്ധപ്പെട്ട ആശങ്കകളാവാം ഇത്തരത്തിൽ ഒരു വർദ്ധനവിന് കാരണമായതെന്നാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ 1970 മുതലുള്ള രേഖകള്‍ ഡിജിറ്റൽ ആയി സൂക്ഷിച്ചിട്ടുണ്ട്.  അതിന് മുന്‍പുള്ളവ കണ്ടെത്താന്‍ പഴയ രജിസ്റ്ററുകള്‍ പരിശോധിക്കണം. പക്ഷേ രേഖകൾ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാവില്ലെന്നും  ആശങ്ക വേണ്ടെന്നും  ഉദ്യോഗസ്ഥര്‍ പറയുന്നു. ജനസേവന കേന്ദ്രത്തില്‍ നേരിട്ട് ലഭിച്ച അപേക്ഷകള്‍ക്കപ്പുറം ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ എന്തൊക്കെ വേണമെന്ന് ഫോണ്‍വഴിയും നിരവധി പേര്‍ അന്വേഷിക്കുന്നുണ്ട്. 


ഇക്കഴിഞ്ഞ നവംബര്‍ 20 മുതല്‍ 1970ന് മുന്‍പുള്ള ജനനരേഖകള്‍ തിരഞ്ഞെത്തിയ 62 അപേക്ഷകരില്‍ 47 പേരും മുസ്ലിം സമുദായത്തില്‍ നിന്നുള്ളവരാണ്. എന്‍ ആര്‍ സിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ കൊണ്ടാണ് തിരക്കിട്ട് ജനനരേഖകള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതെന്ന് അപേക്ഷകരും പറയുന്നു‍. വരുംദിവസങ്ങളില്‍ അപേക്ഷകരുടെ എണ്ണത്തില്‍ വലിയതോതില്‍ വര്‍ദ്ധനവുണ്ടാവാനാണ് സാധ്യതയെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K