02 January, 2020 03:46:33 PM


ഓട്ടോയെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ കെഎസ്ആര്‍ടിസി ബസ് പിന്തുടർന്ന് പിടികൂടി



കോഴിക്കോട്: ഓട്ടോറിക്ഷയെ ഇടിച്ചുതെറിപ്പിച്ചശേഷം നിറുത്താതെ പോയ കെഎസ്ആർടിസി സൂപ്പര്‍ എക്സ്പ്രസ് ബസിനെ ഓട്ടോ തൊഴിലാളികള്‍ പിന്തുടർന്നു പിടികൂടി. തൊഴിലാളികൾ പിന്തുടരുന്നുവെന്ന് മനസ്സിലായതോടെ ബസ് സ്റ്റാന്‍ഡില്‍ കയറ്റി നിര്‍ത്തിയശേഷം ഡ്രൈവര്‍ കടന്നുകളഞ്ഞു. പിന്നീട് പകരം ബസെത്തിച്ചാണ് ബെംഗളൂരു സര്‍വീസ് നടത്തിയത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ വയനാട് റോഡിലായിരുന്നു സംഭവം.


ബെംഗളൂരുവിലേക്ക് പോകാനായി പാവങ്ങാട് ഡിപ്പോയില്‍നിന്ന് കെഎസ്ആർടിസി സ്റ്റാന്‍‍ഡിലേക്ക് വന്ന ബസാണ് അപകടമുണ്ടാക്കിയത്. വഴിയരികില്‍ നിറുത്തിയിട്ടിരുന്ന ഓട്ടോയെ പിന്നില്‍നിന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓട്ടോ തലകീഴായി മറിഞ്ഞു. അപകടത്തിനുശേഷം ബസ് പുറകോട്ടെടുത്താണ് കടന്നുകളഞ്ഞത്. മറ്റ് ഓട്ടോ തൊഴിലാളികളെത്തിയാണ് ഡ്രൈവര്‍ ഫിറോസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


ബസ് പിടികൂടാനായി ഓട്ടോ തൊഴിലാളികള്‍ പിന്നാലെ പോയെങ്കിലും സ്റ്റാന്‍ഡില്‍ കയറ്റി പാര്‍ക്ക് ചെയ്ത ഉടനെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ബസിന്‍റെ ചില്ലുകള്‍ പൊട്ടിയ നിലയിലാണ്. വരുന്ന വഴി മറ്റെവിടെയെങ്കിലും അപകടം ഉണ്ടാക്കിയതായും സംശയമുണ്ട്. ഡ്രൈവര്‍ മദ്യപിച്ചിരുന്നുവെന്ന് തൊഴിലാളികള്‍ ആരോപിച്ചു. രാത്രി എട്ടേമുക്കാലിന് ബെംഗളൂരുവിലേക്ക് പുറപ്പെടേണ്ട ബസായിരുന്നു. പകരം ബസെത്തിച്ച് മറ്റൊരു ഡ്രൈവറാണ് രാത്രി പത്തരയോടെ സര്‍വീസ് നടത്തിയത്. നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K