01 January, 2020 09:36:30 AM


മരടില്‍ കൗണ്ട് ഡൗണ്‍: നിലംപൊത്താന്‍ ഇനി പത്തുനാള്‍; പട്ടിണി സമരവുമായി സമീപവാസികള്‍




കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനത്തില്‍ നിലംപൊത്താന്‍ ഇനി പത്തുനാള്‍. ഫ്ളാറ്റ് പൊളിക്കലിനുള്ള മുന്നൊരുക്കങ്ങള്‍ക്കിടെ സമീപത്തെ ഇരുപതിലേറെ വീടുകള്‍ക്കു ക്ഷതം സംഭവിച്ചിട്ടും ഇന്‍ഷുറന്‍സ് വിഷയങ്ങളില്‍ സര്‍ക്കാര്‍ മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ച് ആല്‍ഫ, ഹോളിഫെയ്ത്ത് ഫ്ളാറ്റുകളുടെ സമീപവാസികള്‍ പട്ടിണി സമരവുമായി രംഗത്തെത്തി. കായലും പുഞ്ചപ്പാടങ്ങളും കൈയേറി കെട്ടിപ്പൊക്കിയ നാലു പടുകൂറ്റന്‍ ഫ്ലാറ്റ് സമുച്ചയമാണ് സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് തകര്‍ക്കുന്നത്.


സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കാന്‍ ഫ്ളാറ്റുകളിലെ തൂണുകളില്‍ ദ്വാരമിടുന്ന ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായി. സ്‌ഫോടക വസ്തുക്കള്‍ നിറച്ചശേഷം തൂണുകള്‍ ഇരുമ്പുവലകള്‍കൊണ്ടു പൊതിഞ്ഞുകെട്ടും. സ്‌ഫോടനത്തില്‍ കോണ്‍ക്രീറ്റ് പാളികള്‍ ദൂരേയ്ക്കു തെറിക്കാതിരിക്കാനാണിത്. 1600 കിലോയോളം സ്‌ഫോടകവസ്തുക്കള്‍ നാഗ്പൂരില്‍നിന്ന് എത്തിച്ചു. 650 കിലോ അങ്കമാലിയിലൂം മൂവാറ്റുപുഴയിലുമുള്ള താല്‍ക്കാലിക കേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്. മറ്റന്നാള്‍ മുതല്‍ ഇത് ഫ്ളാറ്റുകളിലെത്തിച്ചു നിറച്ചുതുടങ്ങും.


ജെയിന്‍ കോറല്‍കേവ്, ഗോള്‍ഡന്‍ കായലോരം, എച്ച്.ടു.ഒ ഹോളിഫെയ്ത്ത്, ആല്‍ഫ (രണ്ടു ടവറുകള്‍) എന്നിവയാണ് നീണ്ട നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ തകര്‍ക്കുന്നത്. 350 ഫ്ളാറ്റുകളിലെ താമസക്കാര്‍ക്ക് ഒഴിയേണ്ടിവന്നു. ഏകദേശം ആയിരത്തോളം പേരുടെ സ്വപ്‌നഭവനങ്ങളാണ് മണ്ണടിയുന്നത്. കായലോരം ഫ്ളാറ്റ് നിര്‍മാതാക്കള്‍ മാത്രമാണ് സുപ്രീംകോടതി നിര്‍ദേശം പാലിച്ച് നഷ്ടപരിഹാരത്തുക കെട്ടിവച്ചത്. മറ്റുള്ളവര്‍ തുക മുഴുവന്‍ സര്‍ക്കാരിനു നല്‍കിയിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K