19 December, 2019 06:16:20 PM
പള്ളിക്കര മസ്ജിദ് തര്‍ക്കത്തില്‍ കോടതി ഉത്തരവ് പാലിക്കണം - കളക്ടര്‍
കൊച്ചി: പള്ളിക്കര ജുമാ മസ്ജിദ് ഭരണത്തർക്കവുമായി ബന്ധപ്പെട്ട് പറവൂർ ജില്ലാ കോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകൾ ബന്ധപ്പെട്ടവർ പാലിക്കണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് നിർദ്ദേശിച്ചു. തർക്കം പരിഹരിക്കുന്നതു സംബന്ധിച്ച് കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം.
പള്ളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പറവൂർ ജില്ലാ കോടതിയിൽ സിവിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട അഞ്ച് കുടുംബങ്ങളുടെ ഒരു പ്രതിനിധിയും മഹല്ല് കമ്മറ്റിയിൽ നിന്നുള്ള ഒരു പ്രതിനിധിയും ചേർന്ന് പ്രവർത്തനങ്ങൾ നടത്തണമെന്നാണ് ജില്ലാ കോടതി വിധിച്ചത്. എന്നാൽ മഹല്ല് കമ്മറ്റി പ്രതിനിധിയുടെ ഒഴിവിൽ പിന്നീട് തിരഞ്ഞെടുക്കപ്പെട്ടയാൾ സഹായികളായി ഏഴു പേരെ കൂട്ടിയതാണ് സംഘർഷത്തിനു കാരണമായത്.
തുടർന്ന് കുടുംബ പ്രതിനിധി ഹൈക്കോടതിയിൽ ഹർജി നൽകി. ജില്ലാ കോടതി ഉത്തരവ് പാലിക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. സഹായികൾ ആവശ്യമാണെങ്കിൽ ഇരുകക്ഷികളും ധാരണയിലെത്തി കരാറെഴുതി ഒപ്പിട്ട് ഒപ്പം നിർത്താമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. പിരിവുമായ ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കുന്നത്തുനാട് പോലീസിൽ പരാതി ലഭിച്ചതോടെയാണ് ജില്ലാ കളക്ടർ വിഷയത്തിൽ ഇടപെട്ടത്.
പ്രദേശത്ത് ക്രമസമാധാന പ്രശ്നമുണ്ടാകുന്ന പക്ഷം ക്രിമിനൽ നടപടി സംഹിത പ്രകാരം പള്ളി ജില്ലാഭരണകൂടം ഏറ്റെടുക്കുമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പു നൽകി. എഡിഎം കെ.ചന്ദ്രശേഖരൻ നായർ, മൂവാറ്റുപുഴ ആർഡിഒ ആർ.രേണു, കുന്നത്തുനാട് പോലീസ് ഇൻസ്പെക്ടർ വി.ടി.ഷാജൻ, ഇരു വിഭാഗങ്ങളുടെയും പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.