19 December, 2019 05:21:49 PM


മാരക മയക്കുമരുന്ന് ഗുളികകളുമായി കുമ്പളം സ്വദേശി യുവാവ് എക്സൈസ് പിടിയിൽ



കൊച്ചി: 140 മാരക മയക്കുമരുന്ന് ഗുളികകളുമായി ബൈക്കിൽ വന്ന യുവാവിനെ തൃപ്പൂണിത്തുറയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. തൃപ്പൂണിത്തുറ കുമ്പളം സ്വദേശി സുകുമാർ (30) ആണ് പിടിയിലായത്. കോളേജ് വിദ്യാർഥികളെയും യുവാക്കളെയും ലക്ഷ്യം വെച്ചാരുന്നു ഇയാളുടെ മയക്കുമരുന്ന് വിൽപന. മയക്കുമരുന്ന് ഗുളിക ഉപയോഗിച്ച ഒരു യുവാവിനെ പിടിച്ചു ചോദ്യം ചെയ്തപ്പോഴാണ് ഇയാളെ കുറിച്ചുള്ള വിവരം എക്‌സൈസിന് ലഭിച്ചതും ഇയാളെ പിടികുടുന്നതിനായുള്ള വല വിരിച്ചതും.


മയക്കുമരുന്ന് ഗുളികകളുമായി വൈറ്റിലയിൽ നിന്നും തൃപ്പൂണിത്തുറയിൽ എത്തുമെന്നുള്ള രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലാകുന്നത്. ഇയാൾ സഞ്ചരിച്ച "ഹീറോ ഹങ്ക് "ബൈക്കും പിടികൂടി. 10 മില്ലിഗ്രാം വീതം വരുന്ന ഷെഡ്യൂൾ എച്ച് 1  വിഭാഗത്തിൽ പെടുന്ന മയക്കുമരുന്ന് ഗുളികകളാണു ഇയാളില്‍നിന്നും പിടിച്ചത്. ഇവ മാനസിക രോഗികളുടെ അവസ്ഥ വളരെ വഷളാകുമ്പോൾ നൽകുന്നതാണ്.


നിയന്ത്രിതമായി മാത്രം വിൽപ്പന നടത്തുന്ന ഈ ഗുളികകൾ അപൂർവം മെഡിക്കൽ സ്റ്റോറുകളിൽ മാത്രമേ ലഭ്യമാകൂ. ഈ ഗുളികകൾ മെഡിക്കൽ സ്റ്റോറുകളിൽ വിൽക്കുന്നതിന് പ്രത്യേക റെജിസ്ട്രർ സൂക്ഷിക്കേണ്ടതാണ്. ഒരു രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ ട്രിപ്പിൾ പ്രിസ്ക്രിപ്ഷനുമായി മാത്രമേ  ഈ ഗുളികകൾ മെഡിക്കൽ സ്റ്റോറിൽ നിന്നും ലഭിക്കത്തുള്ളൂ. മുമ്പും മയക്കുമരുന്ന് ഗുളികകളുമായി ഇയാൾ പിടിയിലായിട്ടുണ്ട്.


റെയ്ഡിൽ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ബിജു വർഗ്ഗീസ്, പ്രിവന്‍റീവ് ഓഫീസര്‍മാരായ സതീശൻ ഇ.എന്‍, മധു സി.കെ, സിവിൽ എക്‌സൈസ് ഓഫീസറുമാരായ സതീഷ് ബാബു, ജോമോൻ, ശ്യാം കുമാർ, ധീരു ജെ അറക്കൽ, ബിജോ പി ജോർജ്, ധനേഷ്, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ റസീന എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K