15 December, 2019 04:34:52 PM
എങ്ങനെയാണ് ഇത്രയും മനോഹരമായ ഒരു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാന്‍ തോന്നിയത്? ദൈവത്തിന്‍റെ സ്വന്തം നാടിനെ മലിനമാക്കരുത്
കല്‍പ്പറ്റ: പ്ലസ്റ്റിക്കടക്കമുള്ള മാലിന്യങ്ങള്‍ പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതത്തിന്‍റെ അനന്തര ഫലങ്ങള്‍ നാം ഇപ്പോള്‍ ശരിക്കും അനുഭവിക്കുന്നുണ്ട്. അസന്തുലിതമായ കാലാവസ്ഥയടക്കം ഭൂമിയുടെ നിലനില്‍പ്പിനെ തന്നെ ഇത്തരം വിഷയങ്ങള്‍ ബാധിക്കുന്ന കാഴ്ചയാണ് ലോകം മുഴുവന്‍. ഒറ്റ ഉപയോഗത്തിന് ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റികിന്‍റെ നിരോധനമടക്കമുള്ളവ വെറും പ്രഖ്യാപനങ്ങള്‍ മാത്രമാകുന്നു.
ഇപ്പോഴിതാ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ കാഴ്ച കാണാനെത്തിയ ഒരു വിദേശിയുടെ ചോദ്യം കേരളത്തെ ഒന്നടങ്കം ലജ്ജിപ്പിക്കുകയാണ്. പ്രകൃതി സൗന്ദര്യം ആസ്വദിക്കാനായി വയനാട്ടിലെത്തിയ നിക്കോളായ് എന്ന അമേരിക്കക്കാരന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. പ്ലാസ്റ്റിക്കടക്കമുള്ള മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ അവസ്ഥ കണ്ടാണ് യൂട്യൂബ് വ്ലോഗറായ നിക്കോളായ് വീഡിയോയുമായി രംഗത്തെത്തിയത്.
നിങ്ങള്‍ക്ക് എങ്ങനെയാണ് ഇത്രയും മനോഹരമായ ഒരു സ്ഥലത്ത് മാലിന്യം നിക്ഷേപിക്കാന്‍ തോന്നിയതെന്ന് അദ്ദേഹം ചോദിക്കുന്നു. ഈ സ്വര്‍ഗത്തില്‍ സൂര്യാസ്തമനം കാണാന്‍ എത്തുവരുടെ മനസ് മടുപ്പിക്കുന്ന കാഴ്ചയാണിത്. അമേരിക്കന്‍ സ്വദേശിയായ നിക്കോളായിയെ വയനാട്ടിലെ വ്യൂപോയിന്‍റില്‍ നിന്നുള്ള മാലിന്യക്കാഴ്ചകളാണ് അസ്വസ്ഥനാക്കിയത്.
ഇത്രയും സൗന്ദര്യമുള്ള പ്രദേശത്തേക്ക് പ്ലാസ്റ്റിക്ക് കുപ്പികള്‍ വലിച്ചെറിയാനും മാലിന്യം കത്തിക്കാനും എങ്ങനെ തോന്നുന്നുവെന്ന് നിക്കോളായ് ചോദിക്കുന്നു. വിനോദസഞ്ചാരികളും മൃഗങ്ങളും ഒരുപോലെ എത്തുന്ന പ്രകൃതിരമണീയമായ സ്ഥലത്ത് ഇത്തരമൊരു പ്രവൃത്തി പാടില്ലായിരുന്നുവെന്നും ദൈവത്തിന്‍റെ സ്വന്തം നാടിനെ മലിനമാക്കരുതെന്നും നിക്കോളായ് പറയുന്നു. ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. കുറമ്പാലക്കോട്ടയിലെയും വയനാട് ചുരം വ്യൂപോയിന്‍റിലെയും മാലിന്യങ്ങള്‍ വിനോദസഞ്ചാര മേഖലയെ സാരമായി തന്നെ ബാധിക്കുന്നുണ്ട്.