14 December, 2019 02:51:16 PM
ദളിത് പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം കാമുകന്‍ ഭീഷണിപ്പെടുത്തിയതായി സഹോദരന്‍
കോഴിക്കോട് : ദളിത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാമുകന്‍ റിനാസ് ഭീഷണിപ്പെടുത്തിയതായി സഹോദരന്‍. 17 കാരിയായ അനുപ്രിയയെ ചൊവാഴ്ച വൈകിട്ടാണ് സകൂള്‍ യൂണിഫോമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി മരിച്ച ദിവസം സഹോദരനെ ഫോണില്‍ വിളിക്കുകയും തന്‍റെ പേര് പോലീസിനോട് പറയരുതെന്നും, പറഞ്ഞാല്‍ അങ്ങാടിയില്‍ ഇറങ്ങി നടക്കില്ലെന്ന് ഭീഷണിപ്പെടുത്തിയെന്നും പറഞ്ഞു. കൂടാതെ തന്‍റെ പേര് അനാവശ്യമായി കേസില്‍ വലിച്ചിഴയ്ക്കരുതെന്നും അയാള്‍ പറഞ്ഞതായി സഹോദരന്‍ പറയുന്നു. പെണ്‍കുട്ടിയ്ക്ക് റിനാസിന്‍റെ വീട്ടുകാരില്‍ നിന്നും ഭീഷണിയുണ്ടായിരുന്നുവെന്നാണ് കുട്ടിയുടെ സഹപാഠികള്‍പറയുന്നത്. മരിച്ച ദിവസവും ഇരുവരും കണ്ടിരുന്നതായി സഹപാഠികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
മുക്കം പോലീസ് കാമുകനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കാരശ്ശേരി മുരിങ്ങ പുറായി സ്വദേശി റിനാസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പാണ് പ്ലസ് ടു വിദ്യാര്‍ഥിനിയെ വീടിനുള്ളില്‍ മരിച്ച നിലയലില്‍ കണ്ടെത്തിയത്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയതിന് ശേഷമായിരുന്നു ആത്മഹത്യ. കുട്ടിയുടെ കൈത്തണ്ടയിലും ഡയറിയിലും റിനാസിന്‍റെ പേര് എഴുതിവെച്ചിരുന്നു. പെണ്‍കുട്ടിയുടെ പ്രണയം വൈകി അറിഞ്ഞ വീട്ടുകാര്‍ റിനാസിനോട് ഇതേ പറ്റി ചോദിക്കുകയും ചെയ്തു. ഇതിന്‍റെ പേരില്‍ കാമുകന്‍ മാനസികമായി പീഡിപ്പിച്ചതാണോ ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നും സംശയമുള്ളതായി ബന്ധുക്കളും ആരോപിച്ചിരുന്നു. തങ്ങളെ കേസില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പലരും ശ്രമിക്കുന്നതായും ബന്ധുക്കള്‍ പറയുന്നു. പോലീസ് ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നും സ്‌കൂള്‍ മാനേജ്‌മെന്റിന്‍റെ സമ്മര്‍ദമാണ് ഇതിനു പിന്നിലെന്നും ആരോപണമുണ്ട്.