11 December, 2019 06:08:50 PM
പയ്യന്നൂര്‍ പെട്രോളിയം സംഭരണി: നീക്കം ഉപേക്ഷിക്കണം - രാജ്മോഹന്‍ ഉണ്ണിത്താന്‍
കാസര്‍കോട്: പയ്യന്നൂരില്‍ ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും ഹിന്ദുസ്ഥാനും പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡും സംയുക്തമായി പെട്രോളിയം സംഭരണി നിര്‍മിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍ പാര്‍ലിമെന്‍റില്‍ ശൂന്യവേളയില്‍ അവിശ്യപ്പെട്ടു. സംസ്ഥാന പരിസ്ഥിതി ആഘാത വിലയിരുത്തല്‍ അതോറിറ്റി നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തില്‍ പദ്ധതിക്ക് നേരത്തെ അനുമതി നിഷേധിച്ചിരുന്നു. പദ്ധതിക്കായി നീക്കി വെച്ചിട്ടുള്ള 85 ഏക്കര്‍ സ്ഥലം കണ്ടല്‍ കാടുകള്‍, നെല്‍വയലുകള്‍, ജലാശയങ്ങള്‍, നദികള്‍, കായലുകള്‍ പാരിസ്ഥിതികമായി സവിശേഷതകളുള്ള പ്രദേശമാണെന്നും കൂടാതെ പ്രദേശ വാസികളുടെ ഉപജീവനമാര്‍ഗമായ കൃഷിയെയും മത്സ്യബന്ധനത്തെയും പ്രതികൂലമായി ബാധിക്കും എന്നും എം.പി. അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ നിന്ന് വെറും 2 കിലോമീറ്റര്‍ മാത്രമാണ് നിര്‍ദ്ദിഷ്ട പെട്രോളിയം സംഭരണ ടെര്‍മിനലില്‍. അന്താരാഷ്ട്ര തലത്തില്‍ പെട്രോളിയം സംഭരണ കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു പ്ലാന്‍റ് ദേശീയ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും എം.പി വ്യക്തമാക്കി. ബി.പി.സി.എല്‍ ഓഹരികള്‍ കേന്ദ്ര ഗവണ്മെന്‍റ് വിറ്റഴിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ പദ്ധതിക്കുള്ള സ്ഥലം വിട്ട് നല്‍കാന്‍ സംസ്ഥാന ഗവണ്മെന്‍റ് തതപര്യമില്ലെന്ന് അറിയിച്ചിരുന്നു.
പെട്രോള്‍ ഉപഭോഗ കാറുകള്‍ 10 വര്‍ഷം കൊണ്ട് നിര്‍ത്തണമെന്ന് കേന്ദ്ര നയത്തിന്‍റെ അടിസ്ഥാനത്തില്‍ പയ്യന്നൂരിലെ സംഭരണി ദോഷകരമായി മാത്രമേ ഭവിക്കുന്നുള്ളുവെന്നും, ജനങ്ങളുടെ താത്പര്യവും കണക്കിലെടുത്ത് പ്രസ്തുത പെട്രോളിയം സംഭണി തുടങ്ങാനുള്ള നടപടികള്‍ തടയണമെന്ന് എം.പി. അഭിപ്രായപ്പെട്ടു.