07 December, 2019 06:58:05 PM
ജസ്റ്റിസ് കമാല്‍ പാഷയുടെ സുരക്ഷ പിന്‍വലിച്ചു; പ്രതികാര നടപടിയെന്ന് ആരോപണം
കൊച്ചി: ജസ്റ്റിസ് കെമാല്‍ പാഷയുടെ സുരക്ഷ സര്‍ക്കാര്‍ പിന്‍വലിച്ചു. സായുധ പൊലീസ് ക്യാമ്പിലെ 4 പൊലീസുകാരായിരുന്നു സുരക്ഷ ചുമതലയക്കായി ജസ്റ്റിസിന് അനുവദിച്ചിരുന്നത്. ഇവരില്‍ 3 പേരോട് ക്യാമ്പില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശേഷിക്കുന്ന ഒരാളുടെ ഉത്തരവ് ഉടന്‍ എത്തുമെന്നും അറിയിച്ചിട്ടുണ്ട്.
സുരക്ഷ പിന്‍വലിച്ചു തന്നെ നിശ്ശബ്ദനാക്കാന്‍ കഴിയില്ലെന്നും വിമര്‍ശിക്കേണ്ടിടത്തു ഇനിയും അത് തുടരുമെന്നും കമാല്‍ പാഷ പ്രതികരിച്ചു. ജീവന് ഭീഷണിയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിരമിച്ച ശേഷവും ജസ്റ്റിസിന് സായുധ പൊലീസിനെ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സമീപകാല സംഭവങ്ങളില്‍ കമാല്‍ പാഷ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.
സര്‍ക്കാര്‍ നിലപാടുകളെ വിമര്‍ശിച്ചതിലുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് സുരക്ഷ പിന്‍വലിച്ചതെന്ന് ജസ്റ്റിസ് കമാല്‍ പാഷ ആരോപിച്ചു. വാളയാര്‍, മാവോയിസ്റ്റ്, യുഎപിഎ വിഷയങ്ങളില്‍ ജസ്റ്റിസ് കമാല്‍ പാഷ സര്‍ക്കാരിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ സുരക്ഷ പിന്‍വലിച്ചതു കൊണ്ട് തന്നെ നിശബ്ദനാക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
സിനിമ സെറ്റുകളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെങ്കില്‍ പരിശോധിക്കുമെന്ന മന്ത്രി എ.കെ ബാലന്‍റെ പ്രസ്താവനക്കെതിരെയും ജസ്റ്റിസ് നിലപാടെടുത്തിരുന്നു. ഇതിലെല്ലാമുള്ള സര്‍ക്കാരിന്‍റെ പ്രതികരണമാകാം സുരക്ഷ പിന്‍വലിച്ചതിലൂടെ നല്കിയതെന്ന് കെമാല്‍ പാഷ വിലയിരുത്തുന്നു. വിമര്‍ശിച്ചത് സര്‍ക്കാരിനെ പ്രകോപിപ്പിച്ചിട്ടുണ്ടാകാമെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷ പിന്‍വലിക്കരുതെന്നു ആവശ്യപ്പെടില്ല. സുരക്ഷ നല്കിയത് സര്‍ക്കാരാണ്. കനകമല കേസുമായി ബന്ധപ്പെട്ട് ഉണ്ടായ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു അത്. ആ സാഹചര്യം ഇപ്പോള്‍ ഇല്ലാതായോ എന്ന് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.