07 December, 2019 02:43:16 PM
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കാസര്‍കോട്-ആയംകടവ് പാലം യഥാര്‍ത്ഥ്യമായി

കാസര്‍കോട്: കേരളത്തെിലെ ഏറ്റവും ഉയരം കൂടിയ പാലമായ കാസര്‍കോട് - ആയംകടവ് പാലം യഥാര്‍ത്ഥ്യമായി. ഡിസംബര്‍ എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ ജില്ലയുടെ ഒരു സ്വപ്‌ന പദ്ധതി കൂടിയാണ് പൂര്‍ത്തിയാകുന്നത്. പെര്‍ലടുക്കം-ആയംകടവ്-പെരിയ റോഡില്‍ പയസ്വിനിപ്പുഴയ്ക്ക് കുറുകെ നിര്‍മ്മിച്ച പാലം പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരമാണ് പണികഴിപ്പിച്ചത്. 24 മീറ്റര്‍ ഉയരത്തിലും 150 മീറ്റര്‍ നീളത്തില്‍ നിര്‍മ്മിച്ച പാലത്തിന്‍റേയും 3.800 കിലോമീറ്റര്‍ മെക്കാഡം ചെയ്ത അപ്രോച്ച് റോഡിന്‍റേയും പ്രവൃത്തിയാണ് ഇതിനോടകം പൂര്‍ത്തിയായത്.
കാസര്‍കോട് വികസനപാക്കേജില്‍ ഉള്‍പ്പെടുത്തി 14 കോടി രൂപ ചിലവില്‍ യാഥാര്‍ത്ഥ്യമാക്കുന്ന പദ്ധതിക്ക് ടൂറിസം മേഖലയില്‍ സമഗ്ര സംഭാവന നല്‍കാന്‍ സാധിക്കും. കര്‍ണ്ണാടകയിലെ മടിക്കേരി, സുള്ള്യ, സുബ്രഹ്മണ്യ എന്നീ സ്ഥലങ്ങളില്‍ നിന്നും ബേക്കലില്‍ എത്തിച്ചേരാന്‍ എളുപ്പമുള്ള പാതയാകും ഇത്. പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയിലെ ദേലമ്പാടി, കാറഡുക്ക, മുളിയാര്‍,ബള്ളൂര്‍ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് പെരിയ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലേക്കും, കാഞ്ഞങ്ങാട് നഗരത്തിലേക്കും എത്തിച്ചേരാനുള്ള എളുപ്പ മാര്‍ഗ്ഗമാകും.
ഉയരം കൊണ്ടും പ്രകൃതി ഭംഗികൊണ്ടും ജനശ്രദ്ധയാകര്‍ഷിച്ച പാലത്തിന്‍റെ അടിഭാഗത്തുള്ള സ്ഥലം പ്രയോജനപ്പെടുത്തി ഓപ്പണ്‍ എയര്‍ സ്റ്റേജ്, ഫുഡ് കോര്‍ട്ട്, ടോയ്‌ലറ്റ് ബ്ലോക്ക്, എന്നിവ ആദ്യഘട്ടത്തിലും, പുഴയുടെ ഭംഗി ആസ്വദിക്കുന്നതിനായി ഗ്ലാസ് ബ്രിഡ്ജ് പദ്ധതി രണ്ടാം ഘട്ടമായും നിര്‍മ്മിക്കുന്നത് ടൂറിസം വകുപ്പിന്‍റെ പരിഗണനയിലാണ്. എന്‍.എച്ച് 66 പെരിയയില്‍ എത്തുവാന്‍ ആവശ്യമായ 2.500 കി.മീ അഭിവൃത്തിപ്പെടുത്താനുള്ള ഫണ്ട് കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.