05 December, 2019 05:10:37 PM


ഹവാല പണം കൈമാറാന്‍ 'ന്യൂജെന്‍' വഴികള്‍: കോഴിക്കോട് യുവാവ് പിടിയില്‍




കോഴിക്കോട്: ഹവാല പണം നേരിട്ട് കൈകളില്‍ എത്തിക്കുന്നതിന് പകരം ന്യൂജെന്‍ പണം കടത്തുകാര്‍ ഡെപ്പോസിറ്റ് മെഷീന്‍ വഴി ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്നതിന് തെളിവ്. ഇത്തരത്തില്‍ ഡെപ്പോസിറ്റ് മെഷീനില്‍ പണം നിക്ഷേപിക്കുന്നതിനിടെ കോഴിക്കോട് യുവാവ് പിടിയില്‍. നരിക്കുനി പാറന്നൂര്‍ പുല്ലില്‍പുറായില്‍ നാഫി(35)യാണ് ബാലുശ്ശേരി പോലീസിന്റെ പിടിയിലായത്.


ബാലുശ്ശേരി കനറാ ബാങ്കിനുള്ളിലെ ഡെപ്പോസിറ്റ് മെഷീനില്‍ ഹവാല പണം നിക്ഷേപിക്കുന്നതിനിടെ ആയിരുന്നു യുവാവിനെ അറസ്റ്റ് ചെയ്തത്. വാട്സാപ്പ് വഴി ലഭിക്കുന്ന ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയിരുന്നത്. മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ പണം അയക്കേണ്ട അക്കൗണ്ട് നമ്ബറുകളും വിലാസങ്ങളും കണ്ടെത്തി.


ഇയാളുടെ പക്കല്‍ നിന്നും 9,58000 രൂപയും മൊബൈല്‍ ഫോണും ബൈക്കും പോലീസ് പിടിച്ചെടുത്തു. അഡീഷണല്‍ എസ്‌ഐ മധു, എഎസ്‌ഐ വിനോദ് കുമാര്‍, ഡ്രൈവര്‍ രമേശന്‍ എന്നിവരടങ്ങിയ സംഘമാണ് ഹവാല പണം പിടികൂടിയത്. നൗഫിയെ പേരാമ്ബ്ര കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K