01 April, 2016 05:39:34 PM
നക്കിക്കൊന്നും ഞെക്കിക്കൊന്നും ഇടതുമുന്നണി അടവുനയം !!
ഇടതുമുന്നണിയുടെ സീറ്റു വിഭജനം പൂർത്തിയായിരിക്കുന്നു. അതോടൊപ്പം അമർഷങ്ങളും അലോസരങ്ങളും യു ഡി എഫിലെന്നപോലെ പൂർവ്വ മാതൃകകളില്ലാത്തവണ്ണം ഉയർന്നു കേൾക്കുന്നു!
സി പി എമ്മിന്റെപോലും മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ തീരുമാനിച്ചപ്പോൾ എതിർപ്പുകൾ പരസ്യമായി പൊങ്ങി. ചിലയിടങ്ങളിൽ പോസ്ററുകൾ ! ചിലയിടങ്ങളിൽ പ്രതിഷേധങ്ങൾ!! മറ്റു ചിലയിടങ്ങളിൽ കമ്മറ്റികളിൽനിന്നുള്ള കൂട്ടരാജി!!!
ആ പാർട്ടിയിൽ ജനാധിപത്യം പുലർന്നതിന്റെ ലക്ഷണങ്ങളാണിവയെന്നു വേണമെങ്കിൽ പറയാം. എന്നാൽ ഒരു കേഡർ പാർട്ടിയുടെ അച്ചടക്കം തകർന്നിരിക്കുന്നു എന്നേ പഴമക്കാർ പറയൂ...
ഏതായാലും പാർട്ടിക്കകത്തുണ്ടായ അലോസരങ്ങൾ പാർട്ടിക്കുള്ളിൽതന്നെ പരിഹരിക്കപ്പെടുമെന്നു കരുതാം.
സീറ്റു വിഭജനത്തിലൂടെ ഘടകകക്ഷികൾക്ക് ലഭിക്കേണ്ടിയിരുന്ന ചില സാമാന്യമര്യാദകൾ സി പി എം ലംഘിച്ചിട്ടുണ്ടോ എന്നതാണ് ഉയർന്നുവരുന്ന ഒരു സംശയം. ഇടതു മുന്നണിയിൽ പാറപോലെ ഉറച്ചുനില്ക്കുന്ന കോണ്ഗ്രസ്- എസ് , സുരേന്ദ്രൻപിള്ള എന്നിവരും ആണ്ടുകൾക്കുശേഷം സ്നേഹപൂർവ്വം മുന്നണിയെ സമീപിച്ച കെ ആർ ഗൌരി, എം വി രാഘവന്റെ രോഗാനന്തരം രണ്ടായി പിളർന്ന സി എം പിയിലെ അരവിന്ദാക്ഷൻ വിഭാഗം, കേരളരാഷ്ട്രീയത്തിൽ വിസ്മയകരമായ നിലപാടെടുത്തതുകൊണ്ട് ശ്രദ്ധേയനായ പി സി ജോർജ്ജ് എന്നിവർക്കും ഇക്കുറി സീറ്റ് വിഭജനത്തിൽ സാമാന്യമര്യാദകൾ ലം
ജയസാധ്യതയില്ലാത്ത കണ്ണൂർ സീറ്റാണ് കടന്നപ്പള്ളിക്കു കിട്ടിയത്. ഇക്കുറിയും തോറ്റാൽ കടന്നപ്പള്ളി രാഷ്ട്രീയവനവാസത്തിനു പോയാൽ മതി. കാരണം അടുത്തതവണ പേരുപോലും ലിസ്റ്റിൽ കാണില്ല! 'അരവിന്ദാക്ഷൻ സി എം പി'ക്ക് മാറ്റി വച്ചിരിക്കുന്നത് ഒരു സീറ്റാണ്. അത് ചവറയിൽ! 'ഏഴെസ്പി' ആയിക്കഴിഞ്ഞ ആറെസ്പിയിലെ ഷിബു ആണ് അവിടെ എതിരാളി. അവിടെ സി എം പിക്ക് അഞ്ചുപേർ തികച്ച് ഉണ്ടോന്നു സംശയം. കോട്ടയത്ത് കാഞ്ഞിരപ്പള്ളി, കണ്ണൂരിൽ അഴീക്കോട് ഒക്കെ തമ്മിൽ ഭേദമാണ്.. അതിൽ ജയസാധ്യതയുള്ള അഴീക്കോട് സി എം പി സ്ഥാപകനായ രാഘവന്റെ മകൻ നികേഷിനു ഇടതു സ്വതന്ത്രനായി മത്സരിക്കാം.
ഇനി നികേഷ് ജയിച്ചെന്നിരിക്കട്ടെ അതുകൊണ്ട് സി എം പി എന്ന പാർട്ടിക്ക് ഒരു ഗുണവും ഇല്ലതന്നെ! നികേഷ് സി പി എമ്മിന്റെ പാർലമെന്ററി പാർട്ടിയിൽ ആയിരിക്കും നിലകൊള്ളേണ്ടത്..
ജെ എസ് എസ് യു ഡി എഫിൽ ആയിരുന്നെങ്കിൽ കുറഞ്ഞപക്ഷം കെ ആർ ഗൌരിക്കെങ്കിലും ഒരു സീറ്റു തരപ്പെട്ടേനെ. ഇതിപ്പോൾ ഇല്ലത്തു നിന്നിറങ്ങുകയും ചെയ്തു അമ്മാത്ത് ഒട്ട് എത്തിയതുമില്ല എന്ന മട്ടിലായി.
സി പി എമ്മിൽ സവർണ്ണമേധാവിത്തം ആരോപിച്ച ഗൌരി ഇപ്പോൾ അതു മാറിയോ എന്നു പ്രസ്താവിക്കാത്ത സാഹചര്യത്തിൽ അവരെ അവഗണിച്ചത് നല്ലകാര്യമാണ്. പക്ഷെ അത് പച്ചക്ക് പറയാതെ വഞ്ചിച്ചു എന്ന് തോന്നലുണ്ടാക്കിയത് ഗുണകരമല്ല, മാന്യതയുമല്ല.
അതുപോലെ പി സി ജോർജ്ജിനെ രാഷ്ട്രീയമായി ഇല്ലായ്മ ചെയ്യുന്നതിൽ ആർക്കും പരാതിയുണ്ടാവുമെന്നു തോന്നുന്നില്ല. ആദ്യം അടുക്കും പിന്നെ ഉടക്കും ഇതാണ് പി സി യുടെ ലൈൻ. ഉമ്മൻ ചാണ്ടിയെയും കെ എം മാണിയെയും പിണറായിയേയുമൊക്കെ പറഞ്ഞ തെറിക്കു കണക്കില്ല. മാണിയും ഉമ്മൻ ചാണ്ടിയുമൊക്കെ ക്ഷമിക്കുന്നതുപോലെ പിണറായിയും ക്ഷമിച്ചുകളയുമെന്ന് കരുതിയതാണ് ജോർജ്ജിന്റെ മണ്ടത്തരം.
എങ്കിലും എൽ ഡി എഫും യുഡിഎഫും ബിജെപിയും ജോർജ്ജും ഒക്കെ ചതുഷ്ക്കോണമായി പൂഞ്ഞാറിൽ മത്സരിക്കുമ്പോൾ ചിലപ്പോൾ ജോർജ്ജു ജയിച്ചു വരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല ! അത് മറ്റൊരു കാര്യം.
രണ്ടു കാര്യങ്ങളാണ് മനസിലാവാത്തത്. ഒന്നാമത് ഏറെക്കാലമായി ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുന്ന സുരേന്ദ്രൻ പിള്ളയോട് കാട്ടിയ ചതി. രണ്ടാമത് ഇന്നലെ വരെ യു ഡി എഫ് സർക്കാരിനെ താങ്ങുകയും കെ എം മാണിക്കുവേണ്ടി ഇടതുമുന്നണിയെ പുലയാട്ടു നടത്തുകയും ചെയ്ത ആന്റണി രാജു ഉൾപ്പെടെയുള്ളവർക്കു ഒരു മടിയും കൂടാതെ നാലു സീറ്റ് കൊടുത്തത്!
സുരേന്ദ്രൻ പിള്ളയുടെ പാർട്ടിക്ക് ഒരു സീറ്റേ കൊടുത്തുള്ളൂ. അതു കടുത്തുരുത്തിയിലാണ് അവിടെ സ്കറിയാ തോമസ് തോറ്റു തുന്നംപാടുമെന്ന് കൊച്ചുകുട്ടിക്കുപോലും അറിയാം. സുരേന്ദ്രൻ പിള്ളക്ക് തിരുവനന്തപുരത്ത് ജയസാധ്യതയുള്ളതാണ്.
ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാകുന്നു. ഈ തെരഞ്ഞെടുപ്പു കഴിഞ്ഞാൽ പിന്നെ കോണ്ഗ്രസ് എസ്, ജെ എസ് എസ്, കേരളാ കോണ്ഗ്രസ് (സ്കറിയ തോമസ്), അരവിന്ദാക്ഷൻ സി എം പി എന്നിവ നാമാവശേഷമാകണം. കഴിയുമെങ്കിൽ ജനാധിപത്യ കേരളാ കൊണ്ഗ്രസ്സും !
ചിലരെ നക്കി കൊല്ലുക, മറ്റു ചിലരെ ഞെക്കിക്കൊല്ലുക .
ഇതാണ് സി പി എമ്മിന്റെ ഇത്തവണത്തെ അടവുനയം !!!