02 December, 2019 10:08:47 AM
ഹെൽമറ്റ് വേട്ട: പെരുമ്പാവൂരിൽ 174 പേര്‍ക്കെതിരേ നടപടി; വാഹന പരിശോധനയിൽ പിഴ ലഭിച്ചത് 1,86,500 രൂപ
കൊച്ചി: മോട്ടോര്‍ വാഹന വകുപ്പ് എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഓയുടെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് നവംബർ 30ന് നടത്തിയ വാഹന പരിശോധനയില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനം ഓടിച്ച 174 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. പിന്‍സീറ്റ് യാത്രികരില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തവരെ ഉപദേശിച്ചു വിട്ടു. പിന്‍സീറ്റ് യാത്രികര്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ വാഹനം ഓടിക്കുന്നയാള്‍ പിഴ തുക അടയ്ക്കണം. ഇല്ലെങ്കില്‍ കോടതി നടപടികളുമായി മുന്നോട്ട് പോകുമെന്നും അധികൃതര്‍ അറിയിച്ചു.
സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ച 46 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. അടുത്ത ദിവസം മുതല്‍ സഹയാത്രികര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ കുറ്റക്കാരനായിരിക്കുമെന്നും പിഴ തുക അടയ്ക്കാത്തപക്ഷം കോടതി നടപടികള്‍ തുടരുവാനാണ് വകുപ്പ് തീരുമാനമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അറിയിച്ചു.
സ്വകാര്യ വാഹനങ്ങളില്‍ കുളിംഗ്ഫിലിം ഒട്ടിച്ച കുറ്റത്തിന് 27 പേര്‍ക്കെതിരെയും നടപടിയെടുത്തു. സ്വകാര്യ ബസ്സുകളില്‍ ഡോര്‍ ഷട്ടര്‍ അടയ്ക്കാതെ സര്‍വ്വീസ് നടത്തിയ ആറു ബസ്സുകള്‍ക്കെതിരെയും നടപടിയെടുത്തു. ബസ്സുകളിലെ ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതടക്കമുള്ള നടപടികള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
നവംബർ 30ന് 231 വാഹനങ്ങള്‍ ആകെ പരിശോധിച്ചതില്‍ പിഴയിനത്തില്‍ 1,86,500 രൂപ ഈടാക്കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ അറിയിച്ചു.