29 November, 2019 06:47:36 PM
പി ജെ ജോസഫിന്‍റെ അംഗീകാരമില്ല: കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി
കാസര്‍ഗോഡ് : കാസര്‍ഗോഡ് ബളാല്‍ പഞ്ചായത്തിലെ വള്ളിക്കടവ് വാര്‍ഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗം സമര്‍പ്പിച്ച പത്രിക തള്ളി. കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയായും ചിഹ്നം രണ്ടില വേണമെന്ന് ആവശ്യപ്പെട്ടുമുള്ള പത്രികയാണ് തള്ളിയത്. ചിഹ്നം നല്‍കുവാനുള്ള അധികാരം ചെയര്‍മാന്റെ അധികാരമുള്ള
പി.ജെ ജോസഫിനാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.
ചെയര്‍മാന്‍ തര്‍ക്കം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണ്. ഇലക്ഷന്‍ കമ്മീഷനിലും പ്രതീക്ഷയില്ലാത്ത സാഹചര്യത്തില്‍ ജോസ് വിഭാഗം അണികള്‍ അസ്വസ്തരായിരിക്കുകയാണ്. ഔദ്യോഗിക പക്ഷത്തേക്കുള്ള ഒഴുക്കിന് ഇനി ശക്തി കൂടുമെന്ന് അവര്‍ ഭയക്കുന്നു. കേരള കോണ്‍ഗ്രസ് എം ഔദ്യോഗിക വിഭാഗം ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ്, ജില്ലാ സെക്രട്ടറി കെ എ. സാലു, യൂത്ത് ഫ്രണ്ട് ജില്ല പ്രസിഡന്റ് പ്രിന്‍സ് ജോസഫ് എന്നിവര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം ചിഹ്നം രണ്ടില എന്നിവ നല്‍കരുതെന്ന് ഭരണാധികാരിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്.