27 November, 2019 04:54:57 PM
അങ്കമാലി അപകടം: കാഴ്ചമറച്ച കെട്ടിടം തകര്‍ത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍
കൊച്ചി : അങ്കമാലിയില്‍ വാഹനാപകടത്തിന് ഇടയാക്കിയ വിവാദ കെട്ടിടത്തിന്‍റെ ഒരു ഭാഗം തകര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കമ്പിപ്പാരയും മറ്റും ഉപയോഗിച്ച് കെട്ടിടം പൊളിക്കാനെത്തിയത്. വിവരം അറിഞ്ഞെത്തിയ പൊലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു. തുടര്‍ന്ന് അങ്കമാലി നഗരസഭ അധികൃതരെത്തി വിവാദ കെട്ടിടം പൊളിച്ചുനീക്കാനാരംഭിച്ചു.
അങ്കമാലിയില്‍ കഴിഞ്ഞദിവസം ഉണ്ടായ വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചിരുന്നു. കാഴ്ച മറയ്ക്കുന്ന വിധത്തില്‍ അങ്കമാലി ദേശീയ പാതയില്‍ നിന്ന കെട്ടിടമാണ് അപകടത്തിന് കാരണമെന്ന് ആക്ഷേപമുണ്ടായിരുന്നു. ഈ കെട്ടിടഭാഗം പൊളിച്ചുനീക്കാന്‍ ഉടമയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടി ഉണ്ടാകാതിരുന്നതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തി കെട്ടിടത്തിന്‍റെ പുറംഭാഗം പൊളിക്കുകയായിരുന്നു.
സാധനങ്ങള്‍ മാറ്റാന്‍ സാവകാശം വേണമെന്ന അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇന്നലെ നടപടിയെടുക്കാതിരുന്നത്. എന്നാല്‍ വൈകീട്ടുവരെ സാധനങ്ങള്‍ എടുത്തുമാറ്റാന്‍ തയ്യാറായിട്ടില്ലെന്ന് അങ്കമാലി എംഎല്‍എ റോജി എം ജോണ്‍ പറഞ്ഞു. അനധികൃത കെട്ടിടം പൂര്‍ണമായി പൊളിച്ചുനീക്കുമെന്ന് അങ്കമാലി നഗരസഭാധ്യക്ഷ ഗ്രേസി വ്യക്തമാക്കിയിട്ടുണ്ട്. കെട്ടിടം പൊളിച്ചുനീക്കാന്‍ നഗരസഭ കൗണ്‍സില്‍ കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നതാണ്. എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്നത് നാട്ടുകാരെ കബളിപ്പിക്കാനുള്ള പ്രഹസനമാണെന്ന് നഗരസഭാധ്യക്ഷ ആരോപിച്ചു.
അങ്കമാലി ദേശീയപാതയില്‍ ബാങ്ക് ജങ്ഷനിലായിരുന്നു കഴിഞ്ഞദിവസം അപകടം ഉണ്ടായത്. അപകടത്തില്‍ ഓട്ടോ ഡ്രൈവര്‍ അങ്കമാലി മങ്ങാട്ടുകര സ്വദേശി ജോസഫ്, യാത്രക്കാരായ മേരി മത്തായി, മേരി ജോര്‍ജ്, റോസി തോമസ് എന്നിവരാണ് മരിച്ചത്. വണ്‍ വേയില്‍ നിന്ന് അടുത്ത ട്രാക്കിലേക്ക് ഓട്ടോ തിരിയുമ്പോഴാണ് അപകടം ഉണ്ടായത്.