24 November, 2019 10:36:52 PM
സര്‍വജന സ്കൂളിലെ പഴയ കെട്ടിടം പൊളിച്ച് മാറ്റും: പുതിയ പ്രിന്‍സിപ്പല്‍ ഉടന്‍; ക്ലാസുകള്‍ ചൊവ്വാഴ്ച മുതല്‍
കല്‍പ്പറ്റ: ക്ലാസ് മുറിയില്‍ നിന്നും പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്‍ മരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട സര്‍വജന സ്കൂളിലെ എട്ട് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകള്‍ ചൊവ്വാഴ്ച പുനരാരംഭിക്കും. യുപി വിഭാഗത്തിലെ ക്ലാസുകള്‍ ഡിസംബര്‍ രണ്ടാം തീയതി ആരംഭിക്കും. ബത്തേരി മുനിസിപ്പാലിറ്റി ആസ്ഥാനത്ത് ഞായറാഴ്ച ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിലാണ് തീരുമാനം.
ഷഹല ഷെറിന് പാമ്പു കടിയേറ്റ സര്‍വജന സ്കൂളിലെ കെട്ടിട ഭാഗം പൊളിച്ച് നീക്കും. പഴയ കെട്ടിടത്തിന്‍റെ ഭാഗത്ത് പുതിയ കെട്ടിടം പണിയാനാണ് തീരുമാനം. ക്ലാസുകള്‍ പുനരാരംഭിച്ച ശേഷം യുപി വിഭാഗത്തിലെ കുട്ടികള്‍ക്കായി പ്രത്യേക കൗണ്‍സിംലിംഗ് നല്‍കും. സ്കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനമായി. ഷഹല ഷെറിന്‍റെ മരണത്തില്‍ സ്കൂള്‍ അധികൃതരുടെ വീഴ്ച ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയും സമരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ഈ വിദ്യാര്‍ത്ഥികളോട് സ്കൂള്‍ അധികൃതരുടെ ഭാഗത്ത് നിന്നും പ്രതികാര നടപടികള്‍ ഉണ്ടാകരുതെന്ന് യോഗം നിര്‍ദ്ദേശിച്ചു.
വിദ്യാര്‍ത്ഥിനിയുടെ മരണത്തെ തുടര്‍ന്ന് ആരോപണ വിധേയനായ സ്കൂള്‍ പ്രിന്‍സിപ്പലിനെയും അധ്യാപകനേയും സസ്പെന്‍റ് ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ സ്കൂളിന് പകരം പ്രിന്‍സിപ്പലിനെ ചുമതലപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രി അനുവദിച്ച രണ്ട് കോടി രൂപ ഉപയോഗിച്ച് പഴയ കെട്ടിടത്തിന്‍റെ സ്ഥാനത്ത് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കാനാണ് തീരുമാനം. ആറ് മാസം കൊണ്ട് നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കും.
അതേ സമയം ഷഹലാ ഷെറിന്‍റെ മരണത്തില്‍ പോലീസ് കേസെടുത്ത നാല് പ്രതികളും ഒളിവിലാണ്. കുട്ടിയെ ചികിത്സിച്ച താലൂക്ക് ആശുപത്രി ഡോക്ടര്‍ ജിസ, ഹെഡ് മാസ്റ്റര്‍ മോഹന്‍ കുമാര്‍, പ്രിന്‍സിപ്പല്‍ കരുണാകരന്‍, അധ്യാപകന്‍ ഷിജില്‍ എന്നിവരെ ഇതുവരെ കണ്ടെത്താനായില്ല.